പയ്യന്നൂര്‍: കോറോം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമെന്ന് യുവതിയുടെ ബന്ധുക്കള്‍.
വെള്ളൂര്‍ ചേനോത്തെ കിഴക്കേ പുരയില്‍ വിജേഷിന്റെ ഭാര്യ കോറോം സ്വദേശിനി സുനിഷ(26)യുടെ ആത്മഹത്യയെ തുടര്‍ന്നാണ് ബന്ധുക്കള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് സുനിഷയെ വെള്ളൂരിലെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിന്ശേഷം സുനിഷയുടേതെന്ന് പറയുന്ന ശബ്ദശന്ദേശം പുറത്തുവന്നിട്ടുണ്ട്.
വീഡിയോകോള്‍ ചെയ്ത് ആത്മഹത്യ
സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി നോട്ടറി അഭിഭാഷകനെ കാണാനിരിക്കുകയായിരുന്നു സുനീഷ.അതിനിടെ ഭർത്താവ് ഹോട്ടലിൽ പോയിരുന്നു.
ഈ സമയം സുനീഷ ഉറങ്ങുകയായിരുന്നുവെന്നും പാര്‍സല്‍ വാങ്ങണോയെന്ന് ചോദിച്ചെങ്കിലും ഭാര്യ നിരസിച്ചതായി ഭര്‍ത്താവ് വിജേഷ് പറഞ്ഞു.
സഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് വിജേഷിന് ഭാര്യയുടെ വീഡിയോ കോള്‍ വന്നത്. കുളിമുറിയുടെ വെന്റിലേറ്ററിൽ ഫോണ്‍ വെച്ചുകൊണ്ടായിരുന്നു കോള്‍ ചെയ്തത്.
താന്‍ മരിക്കാന്‍ പോകുകയാണെന്നായിരുന്നു വീഡിയോ കോളിൽ പറഞ്ഞത്. ഇതു കണ്ടതോടെ വിജേഷ് ഉടന്‍ വീട്ടിലെത്തുകയായിരുന്നു.
കുളിമുറിയുടെ അടഞ്ഞുകിടന്നിരുന്ന വാതില്‍ തകര്‍ത്ത് താഴെയിറക്കിയ സുനീഷയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങള്‍
രണ്ടുശബ്ദസന്ദേശങ്ങളാണ് സുനിഷയുടെ ആത്മഹത്യക്ക് ശേഷം പ്രചരിക്കുന്നത്. ഒന്ന് വീട്ടില്‍ നടക്കുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തതും മറ്റൊന്ന് സഹോദരനുമായുള്ള ഫോണ്‍വിളിയുടെ വോയിസ് ക്ലിപ്പുമാണ്.
ഭര്തൃഗൃഹത്തില്നിന്നുള്ള മര്ദനത്തെപ്പറ്റിയുള്ള ശബ്ദസന്ദേശത്തില്‍ ഭര്‍ത്താവ് അടിച്ചതായും ഭര്‍ത്താവിന്റെ അമ്മ മുടിക്ക് പിടിച്ചുകുത്തിയതായും ഭര്‍ത്താവിന്റെ അച്ഛന് മരുമകളോട് പറയാന്‍ പാടില്ലാത്ത വിധം വൃത്തികേടുകള്‍ പറഞ്ഞുവെന്നുമാണുള്ളത്.
പോലീസ് പറയുന്നതിങ്ങനെ
പോലീസ് സ്വീകരിച്ച നടപടികളെ കുറിച്ചും എടുത്ത നിലപാടുകളേക്കുറിച്ചും മനസിലാക്കാതെയുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെന്ന് കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് കെ.നായര്‍ പറയുന്നു.
യുവതിയല്ല പരാതിയുമായി പോലീസിനെ സമീപിച്ചത്. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനമേല്ക്കേണ്ടിവരുന്നെന്ന് കാണിച്ച് സുനീഷയുടെ അമ്മയാണ് പയ്യന്നൂര്‍ പോലീസില്‍ പരാതി നൽകിയത്.
ഇത് സംബന്ധിച്ച് ഇരുവീട്ടുകാരേയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിരുന്നു. അപ്പോള്‍ ഭര്ത്താവിനേപ്പറ്റിയോ ഭര്തൃവീട്ടുകാരേപ്പറ്റിയോ സുനീഷ പരാതികളൊന്നും പറഞ്ഞിരുന്നില്ല.
മാത്രമല്ല യുവതി ഭര്‍ത്താവിനൊപ്പംതന്നെ താമസിക്കുന്നതിനുള്ള സന്നദ്ധതയാണ് പോലീസിനെ അറിയിച്ചത്.
ശബ്ദസന്ദേശങ്ങള്‍ നിര്‍ണായകം
ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ശബ്ദസന്ദേശങ്ങള്‍ കേസന്വേഷണത്തില്‍ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.
സഹോദരനുമായുള്ള ഫോണ്‍ സന്ദേശത്തിന്റെ സമയവും ദിവസവും അതിനിര്ണ്ണായകമാവും. നിങ്ങള്‍ പറയുന്നതുപോലെ ചെയ്യാന്‍ സമ്മതമാണെന്നും ജീവനോടെ താനുണ്ടാകുമോയെന്ന് അറിയില്ല എന്നും അതിനാല്‍ കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നുണ്ടെങ്കില്‍ ഇപ്പോള്‍തന്നെ വരണമെന്നും സുനിഷ പറയുന്നതായ സഹോദരനുമായുള്ള ഫോണ്‍ സന്ദേശമാണ് നിര്‍ണായകമാകുന്നതെന്ന് പയ്യന്നൂര്‍ സിഐ പറഞ്ഞു.
മരണം മുന്നില്‍ കണ്ടുള്ള ഫോണ്‍വിളി ലഭിച്ചിട്ടും എന്തുചെയ്തുവെന്ന ചോദ്യം പ്രസക്തമാവും. ഭര്‍ത്താവിന്റെ അച്ഛനുമമ്മയുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി പോലീസിന് മനസിലായിട്ടുണ്ട്.
അതേസമയം ഭര്‍ത്താവിനെ ഉപേക്ഷിക്കാനുള്ള സമ്മര്‍ദ്ദവും സുനീഷയുടെ മേലുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ അയല്‍വാസി സ്ത്രീയുമായുള്ള സുനീഷയുടെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പോലീസിന് ലഭിച്ചു.
വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷമായിട്ടും സ്വന്തം വീട്ടില്‍നിന്നും തന്നെ അകറ്റി നിര്ത്തിയിരിക്കുന്നതിലെ മനോവിഷമം വ്യക്തമാക്കുന്ന ഈ ശബ്ദസന്ദേശവും കേസന്വേഷണത്തില്‍ വഴിത്തിരിവാകും.
സുനീഷയുടെ ആത്മഹത്യ സംബന്ധിച്ച് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും വസ്തുതകളും തെളിവുകളും പരിശോധിച്ച ശേഷം നടപടികളുണ്ടാകുമെന്നും പോലീസ് പറഞ്ഞു.