ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപാണ് ബോവെറ്റ് ദ്വീപ്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ തെക്കൻ ഭാഗത്ത്. ലോകത്തിലെ ഏറ്റവും വിദൂര ദ്വീപ് ആണ് ഇതെന്നു നിസംശയം പറയാം.
നിഷ്ക്രിയമായ ഒരു അഗ്നിപർവതത്തിന്റെ ഐസ് നിറഞ്ഞ ഗർത്തമാണ് ദ്വീപിന്റെ കേന്ദ്രം. നോർവെ രാജ്യത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ ദ്വീപിന്റെ പരമാധികാരം.
അറ്റ്ലാന്റിക് ഭാഗത്തുനിന്ന് അന്റാർട്ടിക്കയിലേക്കു പോകുന്ന വഴിയിൽ ബോവെറ്റ് ദ്വീപ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു.
ഈ ദ്വീപിന്റെ പ്രകൃതി ദൃശ്യങ്ങളും സ്വഭാവവും അന്റാർട്ടിക്കയുടേതിനു സമാനം, മഞ്ഞുകൊണ്ട് മൂടപ്പെട്ട അവസ്ഥ.
1739 ജനുവരി ഒന്നിന് ഫ്രഞ്ച്കാരനായ ജീൻബാപ്റ്റിസ്റ്റ് ചാൾസ് ബോവെറ്റ് ഡി ലോസിയർ ആണ് ഈ ദ്വീപ് ആദ്യമായി കണ്ടെത്തിയത്.
1927ൽ ആണ് ആദ്യത്തെ നോർവെ പര്യവേക്ഷണ സംഘം ദ്വീപിൽ വന്നിറങ്ങുന്നത്. ബ്രിട്ടനും നോർവെയും ഒരുപോലെ ഈ ദ്വീപിൽ അവകാശവാദം ഉന്നയിച്ചെങ്കിലും നോർവെയ്ക്കാണ് അവകാശ അധികാരം കിട്ടിയത്.
1930 മുതൽ യുകെയുമായുള്ള തർക്കം പരിഹരിച്ചതിനെത്തുടർന്ന് ഇത് ഒരു നോർവീജിയൻ ആശ്രയ ദ്വീപായി പ്രഖ്യാപിക്കപ്പെട്ടു. 1971ൽ ആണ് ഇതിനെ പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചു.
തകർന്ന കപ്പൽ
ദ്വീപിലെത്തിയ പര്യവേക്ഷണ സംഘം വളരെ വിചിത്രമായൊരു കാര്യം കണ്ടെത്തി. തീരദേശ ജലത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു കപ്പൽ.
ഗുരുതരമായ തകരാറുകളോ പേരോ മറ്റു തിരിച്ചറിയൽ അടയാളങ്ങളോ കപ്പലിൽ കണ്ടെത്തിയില്ല. ഈ കപ്പൽ തകർന്നതായി കാണാം.
എന്നാൽ, മൃതദേഹങ്ങളും മറ്റും കപ്പലിനടുത്തു കണ്ടെത്തിയില്ല. ഈ കപ്പലിനെ ചുറ്റിപ്പറ്റി ഇനിയും രഹസ്യങ്ങൾ ഉറങ്ങിക്കിടക്കുന്നു.
1979ൽ ദ്വീപിൽ രണ്ട് ആണവ സ്ഫോടനങ്ങൾ നടന്നുവെന്നതാണ് ദ്വീപിലെ മറ്റൊരു വിചിത്ര സംഭവം. ഇതിലേറ്റവും ശ്രദ്ധേയം ആണവ സ്ഫോടനങ്ങൾ ഏതു രാജ്യമാണ് നടത്തിയതെന്ന് ഇതുവരെ വ്യക്തമല്ല.
ഒരു രാജ്യവും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല.അതൊരു രഹസ്യമായി ഇന്നും നിലനിൽക്കുന്നു.
(തുടരും)