അലാഹാബാദ്: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് അലാഹാബാദ് ഹൈക്കോടതി.
ഇതിനായി പാർലമെന്റ് നിയമം പാസാക്കണമെന്ന് ജസ്റ്റീസ് ശേഖർകുമാർ യാദവ് നിർദേശിച്ചു.
പശുക്കളെ സംരക്ഷിക്കുക ഹിന്ദുക്കളുടെ അവകാശമാണെന്നും പശുക്കളെ ആക്രമിക്കുന്നവർക്കു കടുത്ത ശിക്ഷ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
പശുമാംസം വിറ്റെന്ന കേസിൽ അറസ്റ്റിലായ ജാവേദ് എന്നയാൾക്കു ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു അലാഹാബാദ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.
ഇന്ത്യയുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണു പശു. ബീഫ് കഴിക്കാനുള്ള അവകാശത്തേക്കാളും മുകളിലാണു ജീവിക്കാനുള്ള അവകാശം.
പ്രായാധിക്യവും രോഗവും അലട്ടുന്ന പശുപോലും മനുഷ്യനു പ്രയോജനമുള്ളവയാണ്. പശുവിന്റെ ചാണകവും മൂത്രവും കൃഷിക്കും മരുന്നു നിർമാണത്തിനും ഉപയോഗിക്കുന്നു.
ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിംകളും പശുവിനെ ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമായി കരുതുന്നു. അഞ്ചു മുസ്ലിം ഭരണാധികാരികൾ ഗോവധം നിരോധിച്ചിരുന്നു.
ബാബർ, ഹുമയൂണ്‍, അക്ബർ എന്നിവർ ഇസ്ലാം മതാഘോഷങ്ങൾക്കിടെ ഗോബലി നിരോധിച്ചിരുന്നു. മൈസൂർ നവാബ് ഹൈദർ അലി ഗോവധത്തിനു ശിക്ഷ നല്‍കിയിരുന്നു- കോടതി നിരീക്ഷിച്ചു.