ലണ്ടൻ: രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇറാനിയൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോളെന്ന റിക്കാർഡാണ് മറികടന്നത്.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം. മത്സരത്തിൽ രണ്ട് ഗോളുകൾ താരം വലയിലാക്കി. നാൽപത്തിയഞ്ചാം മിനിറ്റിൽ മുന്നിലെത്തിയ അയർലൻഡിനെ ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളിൽ പോർച്ചുഗൽ മറികടന്നു. 89,96 മിനിറ്റുകളിലായിരുന്നു ഗോളുകൾ പിറന്നത്.
2003ൽ പതിനെട്ടാം വയസിലാണ് പോർച്ചുഗലിന് വേണ്ടി റൊണാൾഡോ രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറുന്നത്. അയർലൻഡിനെതിരായ മത്സരത്തോടെ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന റിക്കാർഡും റൊണാൾഡോ പേരിലാക്കി. സെർജിയോ റാമോസിനെയാണ് പിന്നിലാക്കിയത്.