ധാക്ക: ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനായി തമീം ഇഖ്ബാൽ കളിക്കില്ല. കാൽമുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതുമൂലമാണു താരം ടീമിൽ നിന്നു വിട്ടുനിൽക്കുന്നത്.
വിശ്വസ്ത ബാറ്റ്സ്മാനും ഓപ്പണറുമായ തമീം കളിക്കാത്തതു ബംഗ്ലാദേശിനു വലിയ തിരിച്ചടിയാണു സമ്മാനിച്ചിരിക്കുന്നത്.
ഈ വർഷം ഏപ്രിലിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെയാണു തമീമിനു പരിക്കേൽക്കുന്നത്. തുടർന്ന് സിംബാബ്വെയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരായ പരന്പര താരത്തിനു നഷ്ടമായിരുന്നു.
“എനിക്ക് ട്വന്റി 20 ലോകകപ്പിൽ കളിക്കാനാകില്ല. പരിക്ക് എന്നെ ബാധിക്കുന്നുണ്ട്. ഇതെന്റെ ഉറച്ച തീരുമാനമാണ്. ഞാൻ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യം അധികൃതരോടു സംസാരിച്ചിട്ടുണ്ട്.’- തമീം പറഞ്ഞു.
ഈ വർഷം ഇന്ത്യയിൽവച്ചായിരുന്നു ട്വന്റി 20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് രോഗം പെരുകിയതിനാൽ ലോകകപ്പ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ബംഗ്ലാദേശിനായി 78 ട്വന്റി 20 മത്സരങ്ങൾ കളിച്ച തമീം 1758 റണ്‍സ് നേടിയിട്ടുണ്ട്.