ജോസ് ചാലയ്ക്കൽ
പാലക്കാട്: സംഗീത പാരന്പര്യം വിളിച്ചോതുന്ന പാലക്കാടിന്റെ പൈതൃകപ്പെരുമയുടെ കുടീരം അവഗണനയിൽ.പാലക്കാട് പൈതൃക മ്യൂസിയമാണ് ആളും ആരവവും വേണ്ടത്ര പരിചരണവുമില്ലാതെ നാളുകൾ തള്ളിനീക്കുന്നത്.പ്രസിദ്ധരായ സംഗീത വിദ്വാൻമാരുടെ സാനിധ്യം കൊണ്ട് പ്രസിദ്ധമാണ് പാലക്കാട് കൽപ്പാത്തി അഗ്രഹാരം.
കൽപ്പാത്തിയെന്നാൽ സംഗീതത്തിന്റെ ഉറവിടമാണ്.മൃദംഗ വിദ്വാൻ പാലക്കാട് മണി അയ്യരെ ഓർക്കാതെ സംഗീതത്തിന്റെ താളുകൾ അവസാനിക്കില്ല.പാലക്കാട് മണി അയ്യർക്ക് ഒരു സ്മാരകം എന്ന ആശയം അന്തരീക്ഷത്തിൽ അലയടിക്കാൻ തുടങ്ങിയിട്ട് അനേകം വർഷങ്ങളായെങ്കിലും, 2013ലാണ് അതു സാക്ഷാൽകരിച്ചത്.
ആയിരത്തി എഴുനൂറിൽ പരം വാദ്യോപകരണങ്ങൾ മ്യൂസിയത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാൽ കാലചക്രം കുറച്ചു തിരിഞ്ഞപ്പോൾ പാലക്കാട് മണി അയ്യരുടെ ഓർമ്മയ്ക്കായുള്ള ഓഡിറ്റോറിയത്തിന്റെ പേരുമാറി.സാംസ്കാരിക വകുപ്പിൽ നിന്നും കേരള പുരാവസ്തു വകുപ്പിന് ഈ സ്ഥാപനം കൈമാറി പാലക്കാട് ജില്ല പൈതൃക മ്യൂസിയം എന്നാക്കി മാറ്റി.
ഒട്ടേറെ മാറ്റങ്ങൾ വരുത്തി 2021 ഫെബ്രുവരി 11ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സവിശേഷതകളോടെയാണ് ഈ പൈതൃക മ്യൂസിയം അണിയിച്ചൊരുക്കിയിരിക്കുന്നത്.ഡിജിറ്റലൈസേഷൻ ചെയത് സന്ദർശകർക്കു കലയും സാംസ്കാരികതയും മനസിലാക്കാൻ കഴിയുംവിധമാണ് രൂപകൽപ്പന.
ഓരോ വാദ്യോപകരണത്തിന്റെയും കളികളുടെയും ഉത്ഭവവും നിർമാണ രീതിയും പ്രതിപാദിച്ചിട്ടുണ്ട്.പ്രൊജക്ടറുകൾ വച്ച് കൽപ്പാത്തി രഥോത്സവം കാണാനുള്ള സൗകര്യം ഒരുക്കിയത് ഏറെ പുതുമയുള്ളതാക്കി മാറ്റിയിട്ടുണ്ട്.ഇതൊക്കെയാണെങ്കിലും പാലക്കാടിന്റെ പൈതൃക മ്യൂസിയമായി മാറിയപ്പോൾ 39 വാദ്യോപകരണങ്ങൾ മാത്രമേ ഇപ്പോൾ പ്രദർശിപ്പിച്ചിട്ടുള്ളു.
ആയിരത്തി എഴുനൂറിൽ പരം വാദ്യോപകരണങ്ങൾ സ്റ്റോർ റൂമിൽ പൊടിപിടിച്ചു കിടക്കുന്നത് സംഗീത പ്രേമികളെ ഏറെ വിഷമത്തിലാക്കുന്നുണ്ട്. കോവിഡ് കഴിഞ്ഞു സന്ദർശകർ വരുന്നതും കാത്തിരിക്കയാണ് പാലക്കാട് പൈതൃക മൂസിയം.
എങ്കിലും തങ്ങളുടെ അഭിമാന സംഗീതജ്ഞനായ മൃദംഗ വിദ്വാൻ പാലക്കാട് മണി അയ്യരുടെ പേര് വിസ്മൃതിയിലേക്കു പോയതിൽ പാലക്കാട്ടുക്കാർക്ക് ഏറെ വിഷമമുണ്ട്.അദ്ദേഹത്തിന്റെ നാമം ഓർമ്മയിൽ നിലനിർത്തുന്നതിനും വരും തലമുറക്കു മനസിലാക്കാനുമുള്ള സംവിധാനം ഈ മൂസിയത്തിൽ ഒരുക്കണമെന്നും പാലക്കാട്ടുകാർ ആവശ്യപ്പെടുന്നു.