മൂന്നാർ: മൂന്നാറിനെ ഉപയോഗിച്ച് പെണ്‍വാണിഭ ഓണ്‍ലൈൻ തട്ടിപ്പ്. തട്ടിപ്പിനിരയായി നിരവധി പേരാണ് പണം നഷ്ടപ്പെടുത്തിയത്.
ഇന്റർനെറ്റിലൂടെ പെണ്‍വാണിഭത്തിനായി തിരച്ചിൽ നടത്തുന്പോൾ ലഭിക്കുന്ന ഫോണ്‍ നന്പറിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം.
നന്പർ ലഭിച്ചാൽ ആ നന്പരിലുള്ളവരുമായി ബന്ധപ്പെട്ട് ആവശ്യം അറിയിക്കും. അപ്പോൾ തുക നിശ്ചയിച്ച് കൈമാറുവാൻ ആവശ്യപ്പെട്ടുള്ള നിർദേശവും ലഭിക്കും.
ഇതിനായി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം നിക്ഷേപിക്കേണ്ടത്.
ഇത്തരത്തിൽ പണം ലഭിച്ചാൽ ഉടൻ തന്നെ മൂന്നാറിലെ പ്രമുഖ റിസോർട്ടുകളുടെ ഗൂഗിൾ ലൊക്കേറ്റർ മാപ്പ് ലഭിക്കുകയും പറയുന്ന സമയത്ത് അവിടെ എത്തുവാൻ ആവശ്യപ്പെടുകയും ചെയ്യും.
ഇതു വിശ്വസിച്ച് റിസോർട്ടിലെത്തിവർ ഏറെ നേരം കാത്തിരുന്നിട്ടും പ്രതികരണം ലഭിക്കാതെ വരുന്നതോടെയാണ് തട്ടിപ്പിനിരയായ വിവരം ബന്ധപ്പെട്ടവർ അറിയുന്നത്.
ഇതിനിടയിൽ നേരത്തേ ബന്ധപ്പെട്ട ഫോണിൽ വിളിച്ചാലും കാര്യമില്ല. കാരണം ആ ഫോണ്‍തന്നെ നിലവിലില്ല എന്ന മറുപടിയായിരിക്കും ലഭിക്കുന്നത്.
കബളിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞാലുള്ള മാനക്കേട് ഭയന്ന് തട്ടിപ്പിനിരയായവർ പരാതി നൽകാൻ തയാറാകാത്തതും വീണ്ടും നിരവധി പേർ തട്ടിപ്പിന് ഇരയാകുന്നതിന് കാരണമാകുന്നുണ്ട്.
തട്ടിപ്പുകാർക്കെതിരെ നടപടി ഉണ്ടാകണമെന്ന് റിസോർട്ട് ഉടമകൾ ആവശ്യപ്പെട്ടു.