സ്വന്തം ലേഖകന്‍
കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ക്കു പിന്നിലുള്ള തീവ്രവാദ ബന്ധത്തെ വേരുകള്‍ തേടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).
പാക്കിസ്ഥാനുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പ്രതികള്‍ക്കുള്ള ബന്ധത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഇപ്പോള്‍ കേസന്വേഷിക്കുന്ന സിബ്രാഞ്ച് സംഘത്തില്‍ നിന്നും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്.
ഇത് അടുത്ത ദിവസം ആഭ്യന്തരമന്ത്രാലയത്തിനു കൈമാറും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും സിബ്രാഞ്ച് അറിയിച്ചു.
ഈ വിവരങ്ങള്‍ സഹിതമാണ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇവ പരിശോധിച്ചശേഷം കേസ് എന്‍ഐഎയ്ക്കു കൈമാറാനാണ് തീരുമാനം.
കേസിന്റെ വിവരങ്ങള്‍ തേടി ഇന്നലെ എന്‍ഐഎ ഡിവൈഎസ്പി സി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം കോഴിക്കോട് എത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തെയും എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം എടിഎസ് ഡിഐജി അനൂപ് കുരുവിള ജോണും അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാക്കിസ്ഥാന്, ബംഗ്ലദേശ്, ചൈന, ദക്ഷിണാഫ്രിക്ക, യുഗാണ്ട, ടാന്‍സനിയ എന്നീ രാജ്യങ്ങളില്‍ സമാന്തര എക്സ്ചേഞ്ചുകള്‍ക്ക് ഇടപാടുകാര്‍ ഉണ്ടെന്നു സി ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഇടപാടുകള്‍ നടന്നതു ദുബായ് കേന്ദ്രീകരിച്ചാണ്. ഇതിനെല്ലാം പൊതുവായ പ്രവര്‍ത്തന രീതിയാണെന്നും പരസ്പരം ബന്ധുമുണ്ടകാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എന്‍ഐഎ ഉദ്യോഗസ്ഥരെ അറിയിച്ചു.
സ്വര്‍ണക്കടത്ത്, കള്ളപ്പണം, തീവ്രവാദം എന്നിവയ്ക്കായി സമാന്തര എക്സ്ചേഞ്ചുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതും എന്‍ഐഎയെ അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസുകള്‍ പരസ്പര ബന്ധമുള്ളതാണെന്നും ഇവ ഒറ്റ കേസായി അന്വേഷിക്കുന്നതാവും ഉചിതമെന്നും കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കേസ് അന്വേഷിക്കുന്ന സി ബ്രാഞ്ച് ഉത്തര മേഖലാ ഐജി അശോക് യാദവിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.