നിശാന്ത് ഘോഷ്
കണ്ണൂർ: പാർട്ടിക്കകത്തെ അഭിപ്രായ ഭിന്നതയെ തുടർന്ന് രണ്ടു വിഭാഗങ്ങളായി ചേരി തിരിഞ്ഞു നിൽക്കുന്ന ഐഎൻഎൽ നേതാക്കളെ അനുരജ്ഞനത്തിലാക്കാനുള്ള നീക്കങ്ങൾ ഫലം കണ്ടില്ല. അതിനിടെ ഐഎൻഎൽ നേതാക്കൾ രണ്ടു ഗ്രൂപ്പുകളായി നിൽക്കുന്ന സാഹചര്യത്തിൽ എൽഡിഎഫും സിപിഎമ്മും കടുത്ത നിലപാടിലേക്ക് നീങ്ങാൻ സാധ്യത.
മന്ത്രിയുൾപ്പെടുന്ന പാർട്ടിയിലെ ഭിന്നത ഭരണത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടത് മുന്നണി ഘടകകക്ഷിയായ ഐഎൻഎല്ലിനോട് പാർട്ടി പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് രമ്യമായി പരിഹരിക്കാൻ നിർദേശം നൽകിയിരുന്നുവെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.
അതേ സമയം പാർട്ടിയിലെ പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കിയ ശേഷം മാത്രം ഐഎൻഎല്ലിനെ ഇടത് മുന്നണിയോഗത്തിൽ പങ്കെടുപ്പിച്ചാൽ മതിയെന്ന് മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎം മുന്നണിയോട് നിർദേശിച്ചിട്ടുണ്ട്.
ദേശീയനേതൃത്വം ഇടപെട്ടെങ്കിലും
ഇടത് മുന്നണിയിൽ ഘടകകക്ഷിയായ ഐഎൻഎല്ലിലെ അഭിപ്രായ ഭിന്നത മൂലം സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവർ ഒരു വിഭാഗമായും സംസ്ഥാന പ്രസിഡന്റായിരുന്നു പ്രഫ. എ.പി. അബ്ദുൾ വഹാബ്, സംസ്ഥാന സമിതിയംഗമായിരുന്ന എൻ.കെ. അബ്ദുൾ അസീസ് എന്നിവർ ഉൾപ്പെട്ട പ്രബല വിഭാഗം മറുഭാഗത്തുമായി നിൽക്കുകയാണ്.
പ്രശ്നങ്ങൾ തീർപ്പാക്കാനായി ദേശീയ നേതൃത്വം ഇടപെട്ടെങ്കിലും ഫലം കണ്ടിരുന്നില്ല. പിന്നീട് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ വിഷയത്തിൽ ഇടപെടുകയും ഇരു വിഭാഗവുമായി രമ്യതയിലെത്തണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. കാന്തപുരത്തിന്റെ മകൻ അബ്ദുൾ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഫലവത്തായില്ല.
പക്ഷം പിടിക്കരുതെന്ന്
മന്ത്രി അഹമ്മദ് ദേവർ കോവിൽ ഭരണ സംവിധാനത്തിന്റെ ഭാഗമാണെന്നതിനാൽ പക്ഷം പിടിക്കരുതെന്ന് മുഖ്യമന്ത്രിയും എൽഡിഎഫും നിർദേശിച്ചിരുന്നു. ഇതിനു വിരുദ്ധമായി കാസിം ഇരിക്കൂർ പക്ഷത്തിന്റെ കൺവൻഷനുകളിൽ മന്ത്രി പങ്കെടുത്തത് സിപിഎമ്മിനെയും എൽഡിഎഫിനെയും മുഷിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരായി മറുചേരിയിൽ പ്രവർത്തിച്ചവരുമായുള്ള മന്ത്രിക്കുള്ള അതിരുവിട്ട അടുപ്പവും സിപിഎമ്മിലും എൽഡിഎഫിലും ഇപ്പോഴും ചർച്ചയാണ്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ രമ്യയമായി പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് സിപിഎമ്മും എൽഡിഎഫും നീങ്ങിയേക്കുമെന്ന സൂചനയും മന്ത്രിക്ക് നൽകിയിട്ടുണ്ട്.
ഇതോടെയാണ് കാസിം ഇരിക്കൂർ പക്ഷം അനുരജ്ഞന ശ്രമം ആരംഭിച്ചത്.എന്നാൽ ഇതുവരെ യഥാർഥ വിഷയത്തിൽ ഊന്നിയുള്ള ചർച്ചകൾ നടന്നിട്ടില്ലെന്ന് വഹാബ് പക്ഷക്കാരനും മുൻ സംസ്ഥാന സമിതിയംഗവുമായ. എൻ.കെ. അബ്ദുൾ അസീസ് പറഞ്ഞു.
അബ്ദുൾ വഹാബ് പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ പാർട്ടിക്കുള്ളിലെ ചിലരുടെ പ്രവർത്തനങ്ങൾ വിമർശിക്കപ്പെട്ടിരുന്നു. ഇതോടെ ആരോപണ വിധേയർ യോഗം പ്രക്ഷുബ്ധമാക്കുകുകയായിരുന്നു. ഇതിന്റെ ഉത്തരവാദിത്തം അന്നത്തെ പ്രസിഡന്റ് വഹാബിന്റെ തലയിൽ കെട്ടിവെച്ചു.
നേരത്തെ കോഴിക്കോട് നടന്ന യോഗതീരുമാനത്തിലെ മിനുട്സിൽ പ്രസിഡന്റ് അബ്ദുൾ വഹാബിനെ അറിയിക്കാതെ തിരുത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ചർച്ചയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ കൃത്രിമം കാട്ടിയവർ യോഗം അലങ്കോലമാക്കുകയായിരുന്നു.
ചർച്ച ചെയ്യാതെ
ജനറൽ സെക്രട്ടറിയായ കാസിം ഇരിക്കൂർ സംസ്ഥാന പ്രസിഡന്റായ വഹാബിനെ ജനാധിപത്യ മര്യാദകൾ പാലിക്കാതെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിക്കുകയും ദേശീയ നേതൃത്വം അംഗീകരിക്കുകയുമായിരുന്നു. യഥാർഥത്തിൽ വഹാബിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടപ്പോഴല്ല പാർട്ടിയിൽ പ്രശ്നം ഉണ്ടായത്.
അദ്ദേഹം പ്രസിഡന്റായിരിക്കുന്പോൾ പാർട്ടിക്കകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾക്ക് പരിഹാരം കാണാഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്. യഥാർഥ വിഷയം ഇപ്പോഴും ചർച്ച ചെയ്യപ്പെടാതെ കിടക്കുകയാണ്.
അങ്ങിനിയിരിക്കെ പ്രവർത്തകരെയും എൽഡിഎഫിനെയും മനപൂർവം തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢ ശ്രമമമാണ് കാസിം ഇരിക്കൂറും കൂടെയുള്ളവരും നടത്തുന്നതെന്നും അബ്ദുൾ അസീസ് ആരോപിച്ചു.
ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയെന്ന നിലയിൽ സിപിഎമ്മും ഘടകകക്ഷിയെന്ന നിലയിൽ എൽഡിഎഫും ഇതു വരെ ഐഎൻഎല്ലിലെ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ടിട്ടില്ല. മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നായിരുന്നു സിപിഎമ്മും എൽഡിഎഫും സ്വീകരിച്ച നിലപാട്.
എന്നാലിപ്പോൾ ഘടകക്ഷിയിലെ ഭിന്നത ഭരണത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു തുടങ്ങുന്നതായി റിപ്പോർട്ടുകൾ ലഭിച്ച സാഹചര്യത്തിൽ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുമെന്നും ഇടത് മുന്നണി ഐഎൻഎല്ലിനെ അറിയിച്ചിട്ടുണ്ട്. അതേ സമയം പരസ്യമായി പക്ഷം ചേർന്നിട്ടില്ലെങ്കിലും വഹാബ് പക്ഷത്തിനോടാണ് സിപിഎമ്മിന് മൃദുഭാവമെന്നും സൂചനകളുണ്ട്.