കൊല്ലം : പരവൂരിൽ അമ്മയെയും മകനെയും ആക്രമിച്ച സംഭവത്തിൽ റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിതെളിവെടുപ്പ് നടത്തും.
കഴിഞ്ഞദിവസം പരവൂർ തെക്കുംഭാഗം ബീച്ചിൽ വച്ചാണ് അമ്മയും മകനും ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പരവൂർ തെക്കുംഭാഗം ചേരിയിൽ ആശിഷ് മൻസിലിൽ ആശീഷ് ഷംസുദ്ദീൻ (50) ആണ് പോലീസ് പിടിയിലായത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയ്ക്ക് പോയി മടങ്ങി വന്നവരാണ് ആക്രമിക്കപ്പെട്ടത്. പരവൂർ തെക്കുഭാഗം ബീച്ചിന് സമീപത്തെ കടയിൽ നിന്നും ഉച്ചഭക്ഷണം വാങ്ങി കാറിൽ ഇരുന്നു കഴിക്കുകയായിരുന്ന അമ്മയേയും മകനേയും ഇയാൾ അസഭ്യം പറഞ്ഞു.
ഇയാളുടെ ശല്യം അസഹനീയമായപ്പോൾ അവർ സ്ഥലത്ത് നിന്നും പോകാൻ ശ്രമിക്കുകയും ഇയാൾ പിന്തുടർന്ന് ഇരുന്പ് വടി കൊണ്ട് കാറിന്റെ മുൻഗ്ലാസ് അടിച്ച് പൊട്ടിക്കുകയായിരുന്നു.
കാറിൽ നിന്നും പുറത്തിറങ്ങിയ മകനെ ഇയാൾ ഇരുന്പ് വടിക്കടിച്ചത് കൈ കൊണ്ട് തടഞ്ഞതിനാൽ മകന് കൈക്ക് പരിക്കേറ്റു. സംഭവം കണ്ട് തടസം പിടിക്കാൻ ശ്രമിച്ച അമ്മയേയും ഇയാൾ കന്പിവടിക്ക് അടിച്ചു.
പരിക്കേറ്റ ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ഇയാളെ പരവൂർ പോലീസ് സ്ഥലത്ത് അന്വേഷിച്ചെങ്കിലും കണ്ടെ ത്താൻ കഴിഞ്ഞില്ല.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ആശിഷ് അന്യ സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി ജില്ലാ പോലീസ് മേധാവി ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
തുടർന്ന് ജില്ലയിലും സമീപ ജില്ലകളിലും ഇയാളെ കണ്ടെ ത്താൻ വ്യാപക പരിശോധന നടത്തിവരുന്നതിനാൽ ടോറസ് ലോറിയിൽ തമിഴ്നാട്ടിലെ തിരുനെൽവേലിയിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ തെന്മല ഇടപാളയത്തുവച്ച് പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.