ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടസാധ്യതയാണു വെറ്ററിനറി റസിഡ്യൂ. പെട്ടെന്നു തടിവയ്ക്കാൻ കോഴിക്കു നല്കുന്ന ഹോർമോണുകൾ പിന്നീടു മാംസത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.
മൃഗങ്ങൾക്ക് അസുഖം വരാതിരിക്കാൻ നല്കുന്ന ആന്റി ബയോട്ടിക്കുകളും മാംസത്തിൽ അവശേഷിക്കാനിടയുണ്ട്. ഇത്തരം ബോയിലർ ചിക്കൻ ശീലമാക്കുന്നവരുടെ ശരീരത്തിൽ ഹോർമോണ് അടിഞ്ഞുകൂടും. തടി കൂടും. ആണ്കുട്ടികൾക്കും അമിതമായി സ്തനവളർച്ച ഉണ്ടാകും.
കൈ കഴുകണം
ഭക്ഷ്യവിഷബാധ, ഭക്ഷണം മലിനമാകൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു റസ്റ്ററൻറ് ഉടമകൾക്കും ജീവനക്കാർക്കും കൃത്യമായ അറിവുണ്ടായിരിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ടോയ്് ലറ്റിൽ പോയ ശേഷം കൈ സോപ്പിട്ടു കഴുകിയില്ലെങ്കിൽ പോലും ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാതെയാകാം.
മൂക്കു ചീറ്റിയ ശേഷവും മറ്റു ശരീരഭാഗങ്ങളിൽ സ്പർശിച്ച ശേഷവും കൈ സോപ്പിട്ടു കഴുകാതെ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നതും അപകടം. അതിനാൽ കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു റസ്റ്ററൻറ് തൊഴിലാളികൾക്കു ഫലപ്രദമായ ബോധവത്കരണ ക്ലാസുകൾ നല്കണം.
ആരോഗ്യകരമാക്കാം
വീട്ടിൽ തയാറാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം. അത്തരം ഭക്ഷണം സുരക്ഷിതമായിരിക്കണം. ഫാസ്റ്റ് ഫുഡ് ഒഴിവാക്കാനാവില്ല.
അപ്പോൾ അതിനെ ആരോഗ്യജീവിതത്തിനു സഹായകമായ രീതിയിൽ മാറ്റിയെടുക്കണം. കൊഴുപ്പു കുറയ്ക്കാൻ പിസയിൽ ചീസ് ഒഴിവാക്കാം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടിൽത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം.
പിസ ആരോഗ്യകരമായ രീതിയിൽ വീട്ടിൽ തയാറാക്കാനാകും. പിസബേസ് വാങ്ങി അതിൽ പച്ചക്കറികളും വേവിച്ച ചിക്കനും ചേർത്ത് നമുക്കുതന്നെ തയാറാക്കാം.
\ശീലമാക്കരുത്
ഓർക്കുക. ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ അധികവും മൈദയിലാണു തയാറാക്കുന്നത്. ഇത്തരം വിഭവങ്ങൾ എന്നും കഴിക്കേണ്ടവയല്ലെന്ന് ഓർക്കുക. വല്ലപ്പോഴും മാത്രം കഴിക്കാനുളളതാണെന്ന് മനസിൽ വയ്ക്കുക.
ഒരു ഭക്ഷണവും ദോഷമാണ്, തൊടാനേ പാടില്ല എന്നിങ്ങനെ പറയാനാവില്ല. ഒന്നും ശീലമാക്കരുത്. അധിക അളവിൽ കഴിക്കരുത്.
വയറു നിറയ്ക്കാനുള്ളതല്ല
വ്യത്യസ്തരുചി അനുഭവിച്ചറിയാൻ ഒരു ചെയ്ഞ്ചിനു വേണ്ടി മാസത്തിലൊരിക്കലോ മറ്റോ അല്പം കഴിക്കുന്നതിൽ തെറ്റില്ല. ഓർക്കുക ഇത്തരം വിഭവങ്ങൾ വയറു നിറയ്ക്കാൻ വേണ്ടിയുളളതല്ല. പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ, മീൻ, മുട്ട തുടങ്ങിയവയാണു ശീലമാക്കേണ്ടത്. എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്്.
പകരം നട്സ്…
ഫാസ്റ്റ് ഫുഡ് വാങ്ങി ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കൾ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടുന്നില്ല. ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാൽ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.
ഇടനേരങ്ങളിൽ കഴിക്കാൻ അനുയോജ്യം നട്സ് ആണ്. ഏതുതരം നട്സ് ആണെങ്കിലും അതിൽ പ്രോട്ടീന്റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് എല്ലാമുണ്ട്.
മല്ലിയില, പുതിനയില മുതലായവ കൊണ്ടു തയാറാക്കിയ ചട്നി ഉപയോഗിച്ചു പച്ചക്കറികൾ നിറച്ച ബ്രഡ് സാൻഡ്് വിച്ച് കൊടുത്തയയ്ക്കാം. ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം.
പതിവാക്കരുത്
വറുത്ത സാധനങ്ങൾ, കേക്ക്, പഫ്സ്, ഏത്തയ്ക്ക ചിപ്സ് എന്നിവയും ഒഴിവാക്കണം. പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം.
എണ്ണയിൽ വറുത്ത വിഭവങ്ങൾ പതിവാക്കരുത്. തടി കൂട്ടും. ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡ് എന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളിൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇല്ല.
ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്.ഉരുളക്കിഴങ്ങ് ചേർത്ത ഫാസ്റ്റ് ഫുഡും പതിവാക്കരുത്.
വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് &ഡയറ്റ് കൺസൾട്ടന്റ്