സ്വന്തം ലേഖകൻ
തൃശൂർ: തമിഴ്നാട്ടിൽ തുറന്ന തിയറ്ററുകൾ പുതിയ സിനിമകളില്ലാത്തതിനെ തുടർന്ന് അടയ്ക്കുന്നു. കേരളത്തിലും തിയറ്ററുകൾ തുറന്നാൽ നേരിടാൻ പോകുന്ന പ്രതിസന്ധി പുതിയ സിനിമകളുടെ റിലീസ് ഉണ്ടാകില്ല എന്നതു തന്നെയാണ്.
അതുകൊണ്ടു തന്നെ കേരളത്തിൽ തിയറ്ററുകൾ തുറക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ക്രിസ്മസിനോടനുബന്ധിച്ചേ ഉണ്ടാകൂ എന്നാണ് സൂചന.ടിപിആർ നിരക്ക് കുറയുന്നതനുസരിച്ച് സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു.
എന്നാൽ തിയറ്ററുകളിലേക്ക് ആളുകളെത്തണമെങ്കിൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യണമെന്നും ചെറിയ ചിത്രങ്ങൾക്കു പകരം ബിഗ് ബജറ്റ് ചിത്രങ്ങൾ തുടക്കത്തിൽ തന്നെ വന്നാൽ മാത്രമേ കാര്യമുള്ളുവെന്നും തീയറ്ററുടമകൾ ചൂണ്ടിക്കാട്ടുന്നു.
സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ വന്ന് ആളുകൾ കയറിയാൽ മാത്രമേ തിയറ്ററുകൾ പഴയരീതിയിലേക്ക് എത്തുകയുള്ളുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
എല്ലാ പ്രതീക്ഷയും മരയ്ക്കാറിൽ
കേരളത്തിൽ തിയറ്ററുകൾ തുറന്നാൽ എല്ലാവരും കാത്തിരിക്കുന്നത് തിയറ്റർ റിലീസായി എത്തുന്ന മോഹൻലാൽപ്രിയദർശൻ ടീമിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തെയാണ്.
തിയറ്ററുകളിൽ ക്രൗഡ് പുള്ളർ ആകുമെന്ന് വിതരണക്കാരും തീയറ്റർ ഉടമകളും പ്രതീക്ഷിക്കുന്ന ചിത്രമാണിത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബപ്രേക്ഷകർ ഈ ചിത്രം കാണാൻ തിയറ്ററിലെത്തുമെന്നും ഏവരും കണക്കുകൂട്ടുന്നു.
എന്നാൽ ഒരു സിനിമ മാത്രം വച്ച് തിയറ്റർ തുറന്ന് മുന്നോട്ടുപോകുന്നത് എളുപ്പമല്ലെന്നും ഫെസ്റ്റിവൽ സീസണുകളിൽ പല താരങ്ങളുടേയും സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യും പോലെ പല ചിത്രങ്ങൾ വന്നാൽ മാത്രമേ തിയറ്ററുകൾ അടയ്ക്കാതെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂവെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
നിയന്ത്രണങ്ങൾ ലാഭമാകില്ലെന്ന് വിലയിരുത്തൽ
തിയറ്ററുകൾ കർശന നിയന്ത്രണത്തോടെയായിരിക്കും തുറക്കാൻ അനുവദിക്കുകയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കർശനമായി പാലിച്ചുകൊണ്ട് തിയറ്ററുകൾ പ്രവർത്തിപ്പിച്ച് മുന്നോട്ടു കൊണ്ടുപോവുകയെന്ന് എളുപ്പമാകില്ലെന്നും നിയന്ത്രണങ്ങൾ ഒരിക്കലും തിയറ്ററുകൾക്ക് ലാഭകരമാകില്ലെന്നും ഉടമകൾ സമ്മതിക്കുന്നു.
50 ശതമാനം ആളുകളെ മാത്രം കയറ്റി കേരളത്തിലെ തിയറ്ററുകൾ പ്രവർത്തിച്ചിരുന്നതാണെന്നും അത് നഷ്ടം മാത്രമേ തന്നിട്ടുള്ളുവെന്നും പല ഉടമകളും പറഞ്ഞു.
പ്രൊജക്ടർ കുറച്ചു നേരം പ്രവർത്തിപ്പിക്കും എസി ഓണ്‍ചെയ്ത് കൂളാക്കി ഓഫാക്കും
ഏകദേശം രണ്ടു വർഷത്തോളമായി കേരളത്തിലെ തിയറ്ററുകൾ അടഞ്ഞുകിടക്കുകയാണ്. തുടർച്ചയായി പ്രവർത്തിപ്പിക്കാതെയിരുന്നാൽ പ്രൊജക്ടറും എസിയുമെല്ലാം പ്രവർത്തിക്കാതെ കേടുവരുമെന്നതിനാൽ പ്രൊജക്ടർ മിക്ക ദിവസവും കുറച്ചു നേരം പ്രവർത്തിപ്പിക്കും.
എസി ഓണ്‍ ചെയ്്ത് കൂളിംഗ് ആയാൽ വേഗം ഓഫ് ചെയ്യും. കസേരകൾ പൂപ്പലും പായലും പിടിക്കാതെ സൂക്ഷിക്കാൻ വേണ്ട നടപടികളുമെടുത്തിട്ടുണ്ടെന്ന് ഉടമകൾ പറഞ്ഞു. ജീവനക്കാരെ ചിലരെയെല്ലാം ഒഴിവാക്കേണ്ടി വന്നെങ്കിലും പരമാവധി പേരെ പിടിച്ചുനിർത്തിയിട്ടുണ്ടെന്ന് ഉടമകൾ പറഞ്ഞു.
തിയറ്ററുകൾ തുറക്കുന്പോൾ വൈദ്യുതി ബില്ലടക്കമുള്ള കാര്യങ്ങളിൽ ഇളവുകൾ നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് ഉടമകൾ മുന്നോട്ടു വെക്കുന്ന പ്രധാന ആവശ്യം.