തൃശൂർ: പോക്സോ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പരാതി നൽകിയ കുടുംബത്തിന് സിപിഎമ്മിന്റെ ഊരുവിലക്ക്.
തൃശൂർ കാട്ടൂരിലെ പട്ടികജാതി കുടുംബത്തിന് നേരെയാണ് ഊരുവിലക്ക്. ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പരാതി നൽകിയതോടെ നാട്ടിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
പത്ത് വയസുകാരിയോട് കഴിഞ്ഞ വർഷം ജൂണിലാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ സായൂജ് കാട്ടൂർ മോശമായി പെരുമാറിയത്.
കഴിഞ്ഞ മാസം വിവരമറിഞ്ഞ കുടുംബം പരാതി നൽകിയതോടെ സായൂജ് അറസ്റ്റിലായി. ഇപ്പോൾ ജില്ലാ ജയിലിൽ റിമാൻഡിലാണ്.
അതേസമയം, കള്ളക്കേസിൽ സായൂജിനെ കുടുക്കിയെന്നാണ് സിപിഎം നടത്തുന്ന പ്രചാരണം.
ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ പരാതിക്കാരന്റെ കുടുംബത്തിനെതിരെ പാർട്ടി ഒപ്പുശേഖരണം നടത്തിയതായും ആരോപണമുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സിപിഎമ്മിന്റെ നിലപാട്.