കാൺപുർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോലീസുദ്യോഗസ്ഥന് സസ്പെന്ഷന്.
ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ ദേഹത്ത് ജില്ലയിലാണ് സംഭവം. പീഡനത്തിനിരയായ 15 വയസുള്ള പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അകന്ന ബന്ധു നല്കിയ പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്യാനാണ് പെണ്‍കുട്ടിയെ രജ്പുര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
എന്നാല്‍ ഇവിടെ വച്ച് സ്റ്റേഷന് ഹൗസ് ഓഫീസര്‍ വിനോദ് കുമാര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വിനോദ് കുമാറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.