കുറവിലങ്ങാട്: കൂട്ടുകാരുമൊത്തു കളിക്കുന്നതിനിടെ ഷോക്കേറ്റ് ഒന്നര വയസുകാരി മരിച്ചു.
കാണക്കാരി വാവനാട്ട് കുളങ്ങര അലെൽ-ശ്രുതി ദമ്പതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്.
ശ്രുതിയുടെ വെമ്പള്ളിയിലുള്ള വീട്ടിലായിരുന്നു അപകടം. ശ്രുതി അതിരമ്പുഴ പഞ്ചായത്തില്‍ കരാര്‍ ജോലിക്കും പിതാവ് ടൈൽ പണിക്കുമായി പോയിരുന്നു.
മാതാപിതാക്കള്‍ക്കു ജോലിക്കു പോകുന്നതിനായി റൂത്തിനെയും സഹോദരി സെയറയെയും അമ്മയുടെ വീട്ടില്‍ ആക്കുകയായിരുന്നു.
ഇവര്‍ അയല്‍വീട്ടിലെ കുട്ടികള്‍ക്കൊപ്പം സാറ്റ് കളിക്കുന്നതിനിടെ റൂത്ത് മറിയം വീട്ടിനുള്ളിലെ ഫ്രിഡ്ജിന് പിറകില്‍ ഒളിക്കുകയായിരുന്നുവെന്നാണു കരുതുന്നത്.
ഷോക്കേറ്റതായി മനസിലാക്കി ശ്രുതിയുടെ മാതാപിതാക്കള്‍ കുട്ടിയെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
വൈദ്യുതിവകുപ്പ് സുരക്ഷാവിഭാഗം പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. വയറിംഗിന്റെ എര്ത്തിംഗുമായി ബന്ധപ്പെട്ട തകരാറുകളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.