മറയൂർ: ജീവനൊടുക്കാൻ ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു. യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുന്പാവൂർ മാറന്പള്ളി നാട്ടുകല്ലുങ്കൽ അലിയുടെ മകൻ നാദിർഷാ അലി (30)യാണ് മരിച്ചത്.
രക്തം വാർന്ന നിലയിൽ കണ്ട മറയൂർ സ്വദേശിനിയും ഇവിടെ സ്കൂൾ അധ്യാപികയുമായ നിഖില തോമസിനെ (26) കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നെന്നു പറയപ്പെടുന്നു.
ഇന്നലെ യുവതിയെ കാണാനായി നാദിർഷാ മറയൂരിൽ എത്തിയിരുന്നു. കാറുമായി എത്തിയ യുവാവിനൊപ്പം ഇരച്ചിൽ പാറ, കാന്തല്ലൂർ ഗുഹനാഥപുരം എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങിയശേഷം കാന്തല്ലൂരിലെ ഭ്രമരം പോയിന്റിൽ എഎത്തി.
അവിടെ കാർ നിർത്തിയശേഷം തങ്ങളുടെ വിവാഹം വീട്ടുകാർ സമ്മതിക്കില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും അറിയിച്ച് വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ചശേഷം ഇരുവരും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നും കൈകൾ മുറിക്കാൻ ഉപയോഗിച്ച ബ്ലെയ്ഡ്, മദ്യക്കുപ്പി, ഇരുവരുടെയും ചെരുപ്പുകൾ, വസ്ത്രം, മൊബൈൽ ഫോണ് എന്നിവ രക്തത്തിൽ കുതിർന്നനിലയിൽ കണ്ടെത്തി.
ഭ്രമരം പോയിന്റിലെത്തിയ വിനോദ സഞ്ചാരികൾ, കൊക്കയിൽ യുവതിയുടെ കരച്ചിൽ കേൾക്കുന്നതായി സമീപവാസികളായ തൊഴിലാളികളെ അിയിക്കുകയായിരുന്നു.
തൊഴിലാളികളാണ് കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്ന നിലയിൽ യുവതിയെ കണ്ടെത്തിയത്. യുവതിയുടെ അടുത്തെത്തിയ സമയത്താണ് പാറയ്ക്കുതാഴെ ആൾ വീണിട്ടുണ്ടെന്ന് പറയുന്നത്.
തൊഴിലാളികൾ ഉടനെ കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസിനെ വിളിച്ചറിയിക്കുകയും തുടർന്ന് ജീപ്പില് യുവതിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
നില ഗുരുതരമായതിനാൽ കോലഞ്ചേരിയിലെ മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സയ് ക്കായി കൊണ്ടുപോയി.
മറയൂർ പോലീസ്, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്, മുൻ പഞ്ചായത്തംഗം ശിവൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ കുളച്ചിവയൽ ആദിവാസി ക്കുടിയിലെ യുവാക്കളുടെ സഹായത്തോടെ മൂന്നുമണിക്കൂർ നടത്തിയ തെരച്ചിലിനൊടുവിലാണ് പാറക്കെട്ടിനു താഴ്ഭാഗത്തുനിന്ന് വൈകുന്നേരം ആറോടെ യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.