ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകളിൽ ഇന്നലെ വർധനയുണ്ടായെങ്കിലും രാജ്യവ്യാപകമായി പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായാണു കാണുന്നതെന്ന് കേന്ദ്രം.
മേയ് പത്തു മുതൽ പോസിറ്റിവിറ്റി നിരക്ക് കുറയുകയാണ്. എന്നാൽ, രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു.
രാജ്യത്തെ 39 ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10 ആണ്. ഓഗസ്റ്റ് 31 വരെയുള്ള കണക്കാണിത്.
അതേസമയം, തന്നെ 38 ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5നും 10നും ഇടയിലാണെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി വ്യക്തമാക്കി.
ഇന്ത്യ ഇപ്പോഴും കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ തന്നെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ഐസിഎംആർ തലവൻ ഡോ. ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടി.
ഓരോരുത്തരും അതത് പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നിർബന്ധമായും പാലിക്കണം. പൊതുസ്ഥലങ്ങളിൽ ഉൾപ്പടെ പുറത്ത് ഒരിക്കലും മാസ്ക് ധരിക്കാതെ ഇറങ്ങരുതെന്നും അദ്ദേഹം നിർദേശിച്ചു.
കേന്ദ്രം ഇന്നലെ വ്യക്തമാക്കിയ പ്രധാന വിവരങ്ങൾ:
• രാജ്യത്തെ 16% പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു
• ഓഗസ്റ്റിൽ മാത്രം 18.38 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു
• 42 ജില്ലകളിൽ പ്രതിദിന കേസ് 100 ആണ്
• വാക്സിനേഷന് ശേഷവും നിർബന്ധമായും മാസ്ക് ധരിക്കണം
• ഗർഭിണികളുടെ വാക്സിനേഷനു കൂടുതൽ പ്രാധാന്യം നൽകണം
• പുതിയ സി.1.2 വകഭേദത്തെ പ്രതിരോധിക്കാൻ സർക്കാർ തയാറെടുപ്പുകൾ നടത്തുന്നുണ്ട്.
• ഇന്ത്യയിൽ ഡെൽറ്റ പ്ലസ് ബാധിച്ച 300 കേസുകളുണ്ട്
• കോവിഡ് ആക്ടീവ് കേസിൽ 59.16% കേരളത്തിലാണ്. 4.02% മഹാരാഷ്ട്രയിലാണ്.
• ടിപിആർ കൂടുതലുള്ള ജില്ലകളിൽ അടിയന്തര നടപടി.
• ബൂസ്റ്റർ ഡോസ് നൽകുന്നതിൽ തീരുമാനമായിട്ടില്ല.
അതിനിടെ ഇന്നലെ രാജ്യത്ത് രണ്ടു മാസത്തിനിടെ ഏറ്റവും ഉയർന്ന കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 47,092 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 32000 കേസുകൾ കേരളത്തിൽ നിന്നാണ്.