പെഷവാർ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാർ ഉടൻ അധികാരമേൽക്കും.
ഇറാൻ മാതൃകയിലാണ് താലിബാൻ സർക്കാർ രൂപവത്കരിക്കുക. താലിബാൻ നേതാവ് മുല്ല മുഹമ്മദ് ഹിബത്തുള്ള അഖുണ്ഡ്സാദ(60) അഫ്ഗാന്റെ പരമോന്നത നേതാവാകും.
ഇറാന്റെ ഉപദേശത്തിലാണു സർക്കാർ രൂപവത്കരണ നീക്കങ്ങൾ പുരോഗമിക്കുന്നത്.
ഇറാനിൽ പരമോന്നത നേതാവാണു രാജ്യത്തെ രാഷ്ട്രീയ, മത, സൈനിക കാര്യങ്ങളിൽ അവസാന വാക്ക്. പ്രസിഡന്റിനെക്കാളും ഉയർന്ന പദവിയാണു പരമോന്നത നേതാവിന്റേത്.
ഇദ്ദേഹമാണ് സൈനിക, ഗവൺമെന്റ്, ജുഡീഷറി തലവന്മാരെ നിയമിക്കുക. ഹിബത്തുള്ള അഖുണ്ഡ്സാദയുടെ മേൽനോട്ടത്തിലാകും പുതിയ പ്രസിഡന്റ് ഭരണം നടത്തുക.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ കാച്ലാക്കിലെ മോസ്കിൽ 15 വർഷത്തോളം പ്രവർത്തിച്ചയാളാണ് അഖുണ്ഡ്സാദ.
എക്കാലവും താലിബാന്റെ ശക്തികേന്ദ്രമായ കാണ്ഡഹാറിൽനിന്നാകും അദ്ദേഹം സർക്കാരിനെ നിയന്ത്രിക്കുക.
പ്രവിശ്യകളുടെ തലവൻ ഗവർണറായിരിക്കും. ജില്ലകളുടെ ചുമതല ജില്ലാ ഗവർണർമാർക്കായിരിക്കും.
വിവിധ പ്രവിശ്യകളിൽ ഗവർണർമാരെയും പോലീസ് തലവന്മാരെയും പോലീസ് കമാൻഡർമാരെയും താലിബാൻ നിയമിച്ചുകഴിഞ്ഞു.
ഗവൺമെന്റ് സംവിധാനത്തിന്റെ പേര്, ദേശീയ പതാക, ദേശീയ ഗീതം എന്നിവയുടെ കാര്യത്തിൽ തീരുമാനമായില്ല.
ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും വരുന്ന ദിവസം സർക്കാർ രൂപവത്കരണ പ്രഖ്യാപനമുണ്ടാകുമെന്നും താലിബാൻ വക്താവ് മുഫ്തി ഇനാമുള്ള സമൻഗനി പറഞ്ഞു.