തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർക്കു സുഖസൗകര്യങ്ങളൊരുക്കുന്നുണ്ടെന്നു ജയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട് പൂഴ്ത്തി. ഡിജിപിക്കു നൽകേണ്ട റിപ്പോർട്ടാണ് വിയ്യൂർ ജയിലിൽത്തന്നെ പൂഴ്ത്തിയത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി അടക്കമുള്ള കൊലയാളിസംഘവും അയ്യന്തോൾ ഫ്ളാറ്റ് കൊലക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കോൺഗ്രസ് നേതാവ് റഷീദും ഉൾപ്പെടെയുള്ളവർക്കു ജയിലിൽ ഉദ്യോഗസ്ഥർ സുഖവാസം ഒരുക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്.
സി ബ്ലോക്കിൽ കഴിയുന്ന റഷീദിൽനിന്നു പലതവണ കഞ്ചാവും മൊബൈൽ ഫോണും പിടികൂടിയിട്ടും ഇയാൾ തടവുകാരെ മർദിച്ച സംഭവമുണ്ടായിട്ടും നടപടിയുണ്ടായില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് സി ബ്ലോക്കിലെ അഞ്ചാം സെല്ലിൽ കഴിയുന്ന ഇയാളിൽനിന്നു കഞ്ചാവും മൊബൈലും ചാർജറും കണ്ടെടുത്തിരുന്നു.
അന്നു നടന്ന പരിശോധനയിൽതന്നെയാണ് കൊടി സുനിയിൽനിന്നു കഞ്ചാവും മൊബൈലും ചാർജറും കണ്ടെടുത്തത്. എന്നാൽ കൊടി സുനിയുടെ കാര്യം മാത്രമാണ് പുറത്തുവിട്ടതും വാർത്താപ്രാധാന്യം നേടിയതും.
പുലർച്ചെ സുനി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്. സുനിയെ അന്നുതന്നെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി.
റഷീദിന്റെ പക്കൽനിന്ന് നിരോധിത വസ്തുക്കൾ ഉൾപ്പെടെ കണ്ടെത്തിയെന്ന് അന്വേഷണസംഘം അന്നുതന്നെ ജയിൽ സൂപ്രണ്ടിനു റിപ്പോർട്ട് നല്കിയെങ്കിലും വിവരം ജയിൽ ഡിജിപിയുടെ ഓഫീസിലെത്തിയിട്ടില്ലെന്നു പറയുന്നു.