സമൂഹമാധ്യമത്തിൽ വന്ന ഒരു പോസ്റ്റിനു താഴെ തന്റെ ആഗ്രഹം കമന്റ് ചെയ്യുന്പോൾ അത് ഒരിക്കലും നടപ്പിലാകുമെന്ന് ധന്യ വിചാരിച്ചിരുന്നില്ല.
കൺജസ്റ്റീവ് ഹാർട്ട് ഡിസോർഡർ എന്ന അസുഖമായി പോരാടുന്ന തൊടുപുഴ സ്വദേശിനി പാണ്ടിയംമാക്കൽ സോജന്റെ മകൾ ധന്യ സോജൻ എന്ന ഇരുപതുകാരിയുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് മലബാർ ഗോൾഡ്.
ബോളിവുഡ് താരങ്ങളായ അനിൽ കപൂറും കരീന കപൂറും അഭിനയിച്ച മലബാർ ഗോൾഡിന്റെ പരസ്യ ചിത്രത്തിന്റെ താഴെയാണ് ‘ഇതുപോലെ ആഭരണങ്ങൾ ധരിക്കാനും ഒരുപാട് ചിത്രങ്ങൾ എടുക്കാനും ഞാനും ആഗ്രഹിച്ചുപോകുന്നു…’എന്ന് കമന്റ് ഇടുകയായിരുന്നു ധന്യ.
കമന്റ് ശ്രദ്ധയിൽപ്പെട്ട മലബാർ ഗോൾഡ് അധികൃതർ ധന്യയെ വിളിച്ച് ഫോട്ടോഷൂട്ടിനു റെഡിയാവാൻ ആവശ്യപ്പെടുകയായിരുന്നു. വിവാഹ വസ്ത്രങ്ങളണിഞ്ഞു പ്രശസ്ത മോഡലുകൾക്കൊപ്പം ധന്യ ഫോട്ടോഷൂട്ട് പൂർത്തിയാക്കി. മലബാർ ഗോൾഡിനുവേണ്ടി മോഡലാകുന്ന ധന്യയുടെ കഥ പറയുന്ന, രോഹൻ മാത്യു സംവിധാനം ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം കരീന കപൂർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്
കേരളത്തിൽ പ്ലസ് ടു പൂർത്തിയാക്കിയ ശേഷം കാനഡയിൽ ഡിപ്ലോമ ചെയ്യുന്നതിനിടെയായാണു ധന്യ രോഗബാധിതയാവുന്നത്. ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിലേക്കു ചുരുങ്ങുന്ന കൺജസ്റ്റീവ് ഹാർട്ട് ഡിസോർഡർ എന്ന അസുഖമാണ് ധന്യയെ ബാധിച്ചത്. മൂന്നാം സെമസ്റ്റർ പഠനത്തോടൊപ്പം ചികിത്സയും ആരംഭിച്ചു.
പഠനം പൂർത്തിയാക്കി എത്തിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. അമ്മ ഷാന്റി ജോസഫും സഹോദരങ്ങളായ സെബാസ്റ്റ്യനും അഗസ്റ്റിനും ധന്യയ്ക്ക് ഒപ്പമുണ്ട്.