പുതുക്കാട്: കോവിഡ് ബാധിച്ചു ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമശ്വാസം നൽകി രക്ഷിച്ച തൃശൂർ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സ് ശ്രീജ പ്രമോദിനെ ആരോഗ്യ മന്ത്രി വീണാ ജോർജ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
അബോധാവസ്ഥയിലായ കുഞ്ഞിനു കൃത്രിമശ്വാസം നൽകി ജീവൻ രക്ഷിക്കുകയും തുടർന്നു മാതൃകാപരമായി ക്വാറന്റൈനിൽ പോകുകയും ചെയ്ത ശ്രീജയെ ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നതായി മന്ത്രി പറഞ്ഞു.
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ രാപ്പകൽ സേവനമനുഷ്ഠിക്കുന്നവരാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ. ഈ കോവിഡ് കാലത്തു നമ്മളറിയാത്ത ഓരോ കഥകൾ ഓരോ ആരോഗ്യ പ്രവർത്തകനും പറയാനുണ്ടാകും.
അവരുടെ ആത്മാർഥ പരിശ്രമങ്ങളാണ് ആരോഗ്യ വകുപ്പിന്റെ കരുത്തെന്നും മന്ത്രി വ്യക്തമാക്കി.ഞായറാഴ്ചയാണ് ഛർദിച്ച് അവശയായി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയൽവാസിയായ യുവതി ശ്രീജയുടെ വീട്ടിൽ ഓടിയെത്തിയത്. കുഞ്ഞ് അബോധാവസ്ഥയിലായതിനാൽ ആശുപത്രിയിലെത്തും മുൻപ് കൃത്രിമശ്വാസം നൽകണമെന്ന് ശ്രീജയ്ക്കു മനസിലായി.
കുഞ്ഞിന്റെ ജീവനെ കരുതി കോവിഡ് സാധ്യത തത്കാലം മറന്ന് കൃത്രിമ ശ്വാസം നൽകുകയായിരുന്നു. തുടർന്നു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ശ്രീജ നൽകിയ കൃത്രിമശ്വാസമാണ് കുട്ടിയുടെ ജീവൻ നിലനിർത്താൻ ഏറെ സഹായിച്ചത്. ആരോഗ്യനില വീണ്ടെടുത്ത കുഞ്ഞ് വീട്ടിൽ തിരിച്ചെത്തി.