ആനന്ദപുരം: ആനന്ദപുരം ഇടവകയിലെ ഇല്ലിക്കൽ തോമൻകുട്ടിയുടെ ഭാര്യ ലില്ലി ബൈബിളിലെ പഴയനിയമം ഒരു പ്രാവശ്യവും പുതിയനിയമം രണ്ടു തവണയും എഴുതി പൂർത്തിയാക്കി.മകൾ സിജി ഫെമിയും മരുമകൾ ഹാപ്പി റോജോയും പുതിയ നിയമം എഴുതി പൂർത്തിയാക്കി.
മൂത്ത മരുമകൾ സൗമ്യ സീജോ പുതിയ നിയമം എഴുതിക്കൊണ്ടിരിക്കുകയാണ്. 62 വയസിന്റെ നിറവിലും ദൈവവചനം ഹൃദിസ്ഥമാക്കുവാനും ജീവിതത്തിൽ പകർത്തുവാനും എഴുതുവാനും ഈ വീട്ടമ്മ പുലർത്തിയ താല്പര്യം ഏറ്റവും മാതൃകായോഗ്യമാണെന്നു വികാരി റവ. ഡോ. ആന്റോ കരിപ്പായി പറഞ്ഞു.
നാലു ഷീറ്റിൽ രണ്ടു പുറത്തുമായി എഴുതിയ ബൈബിൾ ഏഴു പുസ്തകങ്ങളായിട്ടാണു ബൈന്റ് ചെയ്തിട്ടുള്ളത്.പഴയനിയമം അഞ്ചു പുസ്തകങ്ങളായും പുതിയനിയമം രണ്ടു പുസ്തകങ്ങളായും ബൈന്റ് ചെയ്തിരിക്കുന്നു. 300 പേന ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്.
വലിയ കൂട്ടുകുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനിടയിലും സമയം കണ്ടെത്തി ബൈബിൾ എഴുതുവാൻ കാട്ടിയ തീക്ഷ്ണത പ്രത്യേകം ശ്ലാഘനീയമാണെന്നു മാർ പോളി കണ്ണൂക്കാടൻ ആനന്ദപുരം പള്ളിയിൽ വച്ചു നടത്തിയ അനുമോദനയോഗത്തിൽ ലില്ലി തോമൻകുട്ടി ഇല്ലിക്കലിനെ അഭിനന്ദിച്ചുകൊണ്ടു പറഞ്ഞു.
കെഎൽഎം രൂപതാ ഡയറക്ടർ ഫാ. ജോസ് പുല്ലൂപ്പറന്പിൽ,രൂപതാ പ്രസിഡന്റ് ജോസ് മാത്യു, പള്ളി ട്രസ്റ്റി തോമാസ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.