കുമരകം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നിർമാണം പൂർത്തീകരിച്ച വള്ളാറ പള്ളി – ആപ്പിത്ര റോഡിൽ വാട്ടർ അതോറിറ്റി വക ‘ദുരിതക്കുഴി’.
മാസങ്ങൾക്കു മുന്പ് ഹൗസ് കണക്ഷൻ നൽകുന്നതിനുവേണ്ടി ചന്ത പാലത്തിനു വടക്ക് ഭാഗത്തായി റോഡിന് കുറുകെ കുഴിച്ച കുഴിയാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്.
കണക്ഷൻ നൽകിയതിനുശേഷം റോഡ് പൂർവസ്ഥിതിയിലാക്കാതെ ജീവനക്കാർ പിൻവാങ്ങിയതായി പരിസരവാസികൾ പറയുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം ഇവിടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം ശക്തമായി ഒഴുകിയതിനെ തുടർന്ന് ചെറിയ കുഴി വൻ കുഴിയായി മാറി.
ഇതുവഴിയുള്ള കാൽനടയാത്രയും ഇരുചക്ര വാഹനങ്ങളിലൂടെയുള്ള യാത്രയും ഇതോടെ ദുഷ്കരമായി. ഹൗസ് കണക്ഷനുവേണ്ടി റോഡ് മുറിച്ചു കുഴി എടുത്താൽ റോഡ് പൂർവസ്ഥിതിയിലാക്കുന്നതിന് ജല വിതരണ വകുപ്പിനും ഉപഭോക്താവിനും തുല്യ ഉത്തരവാദിത്വമുണ്ട്.
പൊട്ടിക്കിടക്കുന്ന പൈപ്പ് ലൈൻ നന്നാക്കി റോഡ് പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.