നവാസ് മേത്തർ
തലശേരി: തലശേരി ഒരു സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് വീണ്ടും വ്യാജ ചികിത്സ നടക്കുന്നതായി ഡിഎംഒയുടെ മുന്നറിയിപ്പ്.
ശസ്ത്രക്രിയകൾ വരെ നടത്തുന്ന വ്യാജ ഡോക്ടറിൽനിന്നു രോഗികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ കീർത്തി ഹോസ്പിറ്റൽ മാനേജിംഗ് പാർട്ട്ണർക്കും അഡ്മിനിസ്ട്രേറ്റർക്കും കത്ത് നൽകി.
കഴിഞ്ഞ ഏപ്രിൽ 16 ന് കത്ത് നൽകിയിട്ടും ഇപ്പോഴും ഇവിടെ ചികിത്സ തുടരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഡി എം ഒ യുടെ കത്തിന്റെ കോപ്പി രാഷ്ട്രദീപികയ്ക്കു ലഭിച്ചു.
വ്യാജ വനിതാ ഡോക്ടർ
ഇതേ ആശുപത്രിയിൽ വ്യാജ വനിത ഡോക്ടറുടെ ചികിത്സയെത്തുടർന്നു ഗൃഹനാഥൻ മരിച്ച സംഭവത്തിൽ അന്വഷണം നടക്കുന്നതിനിടയിലാണ് ഇവിടെത്തന്നെ വീണ്ടും വ്യാജ ഡോക്ടർ ചികിത്സ നടത്തുന്നതായി ഇന്റലിൻജൻസ് വിഭാഗവും ആരോഗ്യ വകുപ്പും കണ്ടെത്തിയത്.
2020 ജനുവരിയിൽ പോലീസ് ഇന്റലിജൻസ് വിഭാഗം ഈ ആശുപത്രിയിൽ വനിത ഡോക്ടറുൾപ്പെടെ യോഗ്യതയില്ലാത്ത രണ്ടു പേർ ചികിത്സ നടത്തുന്നതായി ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു.
ഇതിലെ വനിത ഡോക്ടർ രണ്ടു മാസം മുമ്പു തിരുവനന്തപുരത്ത് അറസ്റ്റിലാവുകയും ചെയ്തു.
രണ്ടാമത്തെയാൾ ഇപ്പോഴും ചികിത്സ തുടരുന്നതിനിടയിലാണ് ആരോഗ്യ വകുപ്പിന്റെയും ഇന്റലിജൻസിന്റെയും മുന്നറിയിപ്പ് വന്നിട്ടുള്ളത്.
ഐഎംഎയും രംഗത്ത്
ആശുപത്രിയിൽ പോഡിയാട്രിസ്റ്റായി പ്രവർത്തിച്ചു വരുന്ന എം. സുമേശിന്റെ സർട്ടിഫിക്കറ്റുകളാണ് വ്യാജമാണെന്നു കണ്ടെത്തിയതായി പറയുന്നത്.
ശസ്ത്രക്രിയകൾ വരെ നടത്തുന്ന ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുളളതായി ഐഎംഎ ഭാരവാഹികൾ പറഞ്ഞു.
ആരോപണങ്ങളെത്തുടർന്നു സുമേശ് ഹാജരാക്കിയ ഡിപ്ലോമ ഇൻ പോഡിയാട്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇത്തരത്തിൽ ഒരു കോഴ്സ് സ്ഥാപനത്തിൽ നിലവിലില്ലെന്നും കോളജിന്റെ മുദ്രകൾ വ്യാജമാണെന്നും കോളജ് ഓഫ് ഫൂട്ട് ഹെൽത്ത് പ്രാക്ടീഷണർ പ്രിൻസിപ്പൽ ഇ-മെയിൽ മുഖാന്തിരം അറിയിച്ചിട്ടുള്ളതായി ഡി എം ഒ ആശുപത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
രജിസ്ട്രേഷൻ ഇല്ല
കൂടാതെ കേരളത്തിൽ പ്രാക്ടീസ് ചെയ്യാനുള്ള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഇല്ലെന്നും ഡി എം ഒ വ്യക്തമാക്കിയിട്ടുണ്ട്.
ഡോ. സരിബയുടെ കൂടെയാണ് ഇയാൾ പ്രാക്ടീസ് ചെയ്യുന്നതെന്നാണ് മനസിലാക്കുന്നതെന്നും ഇയാളുടെ ചികിത്സയ്ക്കു വിധേയമാക്കുന്നവർ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.
നേരത്തെ വ്യാജ ചികിത്സയ്ക്കു വിധേയമായ പുതിയ തെരു സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കണ്ണൂർ ചിറക്കൽ മൂപ്പൻ പാറ കക്കറയിൽ വീട്ടിൽ ബാലകൃഷ്ണൻ (52) മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് റിപ്പോർട്ട് പുറത്തു വന്നിട്ടുള്ളത്.
2020 സെപ്റ്റംബറിലാണ് ബാലകൃഷണൻ മരിച്ചത്. പ്രമേഹത്തിനു വ്യാജ ഡോക്ടർ ചികിത്സിച്ചതിനെ തുടർന്നാണ് മരിച്ച തെന്നാണ് പരാതി.
ബാലകൃഷണന്റെ ഭാര്യ നിഷയുടെ പരാതി പ്രകാരം തിരുവനന്തപുരം നെടുമങ്ങാട് പെരിങ്ങമല വില്ലേജിൽ ഡീസൻറ് മുക്ക് ജംഗ്ഷനു സമീപം ഹിസാന മൻസിലിൽ സോഫി മോൾക്കെതിരെ തലശേരി പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.
വ്യാജ ചികിത്സ നടത്തി വന്ന ഇവരെ നെടുമങ്ങാട് പോലീസ് രണ്ടു മാസം മുമ്പ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
വൈദ്യ ഫിയ റാവുത്തർ എന്ന പേരിൽ നവമാധ്യമങ്ങളിലൂടെ മാറാരോഗത്തിനു ചികിത്സ എന്ന പ്രചാരണം കണ്ടാണ് ബാലകൃഷണൻ തലശേരിയിലെ ആശുപത്രിയിൽ 2020 ഏപ്രിലിൽ ചികിത്സക്കെത്തിയത്.
എണ്ണയും പൊടിയും
അഞ്ച് മാസം നീണ്ടുനിന്ന ചികിത്സക്കിടയിൽ പത്താം ക്ലാസുകാരിയായ വ്യാജ ഡോക്ടർ ബാലകൃഷണന്റെ കാൽവിരൽ മുറിച്ചു നീക്കുകയും ചെയ്തു.
ചികിത്സയ്ക്കിടയിൽ കാലിലെ മാംസം നഷ്ടപ്പെട്ട ബാലകൃഷണൻ 2020 സെപ്റ്റംബർ 24ന് കോഴിക്കാട് സ്വകാര്യ ആശുപത്രിയിൽ മരിച്ചു.
വെള്ള പൊടിയും വെളിച്ചെണ്ണ പോലുള്ള ദ്രാവകവുമാണ് വനിത ഡോക്ടർ ഭർത്താവിന് നൽകിയിരുന്നതെന്നു ബാലകൃഷ്ണന്റെ ഭാര്യ നിഷ രാഷട്ര ദീപികയോടു പറഞ്ഞിരുന്നു.
ഒരോ തവണ പോകുമ്പോഴും 2,500 രൂപയാണ് ഫീസായി ഈടാക്കിയിരുന്നത്.