കൊട്ടാരക്കര: പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ് കുമാർ കൊട്ടാരക്കരയിൽ ക്യാമ്പ് ഹൗസ് ആരംഭിച്ചതിൽ സിപിഎമ്മിന് അമർഷം. സിപിഎം നേതാക്കൾ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ലെങ്കിലും പാർട്ടിക്കുള്ളിൽ ഇത് ചർച്ചയായിട്ടുണ്ട്.
കൊട്ടാരക്കര എംഎൽഎയും ധനമന്ത്രിയുമായ കെ.എൻ.ബാലഗോപാലും അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസും സജീവമായി നില നിൽക്കുമ്പോഴാണ് മറ്റൊരു മണ്ഡലത്തിലെ എംഎൽഎ ഇവിടെ ക്യാമ്പ് ഹൗസ് തുറക്കുന്നത്. ഇത് സമാന്തര അധികാര കേന്ദ്രം സൃഷ്ടിക്കലാണെന്നാണ് സിപിഎം കരുതുന്നത്.
ആർ.ബാലകൃഷ്ണപിള്ള ട്രസ്റ്റ് മന്ദിരത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കേരളാ കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി ഓഫീസ് കഴിഞ്ഞ ദിവസമാണ് വാടക കെട്ടിടത്തിലേക്കു മാറ്റിയത്. പിള്ളയുടെ വിൽപ്പപത്ര വിവാദ കേസ് ഈ മാറ്റത്തിന് പിന്നിലുണ്ടെന്നാണ് സൂചനകൾ.
ഈ ഓഫീസ് ഗണേഷ് കുമാറിന്റെ ക്യാമ്പ് ഓഫീസായും പ്രവർത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് സിപിഎം നെ ചൊടിപ്പിച്ചിട്ടുള്ളത്.ഈ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കൾ പങ്കെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്. അതിനു ശേഷമാണ് ഇപ്പോൾ വീണ്ടുവിചാരമുണ്ടാടായിട്ടുള്ളത്.
കേരളാ കോൺഗ്രസ് (ബി) യുടെ ജില്ലയിലെ ശക്തികേന്ദ്രം കൊട്ടാരക്കരയാണ്. അതിനാലാണ് ഇവിടെ ജില്ലാ കമ്മിറ്റി ഓഫീസും ക്യാമ്പ് ഓഫീസും ആരംഭിച്ചതെന്നാണ് കേരളാ കോൺഗ്രസ് നൽകുന്ന വിശദീകരണം.
എംഎൽഎ ഈ ഓഫീസിലെത്തുമ്പോൾ വിശ്രമിക്കുന്നതിനും പൊതുജനങ്ങളെ കാണുന്നതിനും ഇവിടെ ഉപയോഗപ്പെടുത്തും.മറ്റു ലക്ഷ്യങ്ങളൊന്നുമില്ലെന്നാന്ന് അവർ വ്യക്തമാക്കുന്നത്. സിപിഎം പ്രതിഷേധം ശക്തമാക്കിയാൽ ഗണേഷ് കുമാറിന് രണ്ടര വർഷം കഴിഞ്ഞ് ലഭിച്ചേക്കാവുന്ന മന്ത്രി സ്ഥാനം പ്രതിസന്ധിയിലാകാനും സാധ്യതയുണ്ട്.