കുമരകം: കുമരകം ബോട്ടു ജെട്ടിയിൽ ബോട്ട് കെട്ടിയിടുന്ന മരക്കുറ്റികൾ തകർന്നതു ബോട്ടിനും ജെട്ടിക്കും ഭീഷണിയായി.
ബോട്ടിന്റെയും ജെട്ടിയുടെയും സുരക്ഷിതത്വത്തിനായി ഇവിടെ നാട്ടിയിരുന്ന തെങ്ങിൻ കുറ്റികൾ കാലപ്പഴക്കത്തിൽ തകർന്നിട്ട് ആറു മാസത്തിലേറെയായി.
കഴിഞ്ഞ ആഴ്ച ബോട്ട് ജെട്ടിയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബോട്ട് ജെട്ടിയിൽ ഇടിക്കകയും അടുത്തിടെ നിർമിച്ച കാത്തിരിപ്പു കേന്ദ്രത്തിനും ബോട്ടിനും തകരാറുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
ബോട്ടിന്റെ പ്രൊപ്പല്ലറിൽ പോള ഉടക്കിയതിനാൽ റിവേഴ്സ് ലഭിക്കാതിരുന്നതാണ് നിയന്ത്രണം വിട്ട് ഇടിക്കാൻ കാരണമായത്.
പുതിയ തെങ്ങിൽ കുറ്റികൾ സ്ഥാപിക്കുന്നതിനു പഞ്ചായത്തിനു പരമാവധി അനുവദിക്കാവുന്ന തുക 10,000 രൂപയാണ്. ഈ തുക കൊണ്ടു പണികൾ പൂർത്തീകരിക്കാൻ സാധിക്കില്ലെന്നതാണു കരാറുകാരുടെ നിലപാട്.
ബോട്ട് ജീവനക്കാരുടെ പരാതിയെ തുടർന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ ഒരു മാസം മുന്പ് സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും തുടർ നടപടികൾ നാളിതുവരെ സ്വീകരിച്ചില്ല.
ബോട്ടിടിച്ചു തകരാറിലായ കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണിലാണ് ബോട്ട് ഇപ്പോൾ ബന്ധിക്കുന്നത്.