കൊച്ചി: പൊതുജനത്തോടു പോലീസ് മാന്യമായി പെരുമാറണമെന്നും “”എടാ, എടീ” വിളികള്‍ വേണ്ടെന്നും ഹൈക്കോടതി.പോലീസിനു മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ലെന്നും കോടതി പറഞ്ഞു.
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്നാരോപിച്ച് തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സ്വദേശിയും വ്യാപാരിയുമായ അനിലിനെയും മകളെയും പോലീസ് അപമാനിച്ചെന്ന ഹര്‍ജിയിലാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്.
തെറ്റു ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കാനാണു പോലീസിന് അധികാരമുള്ളത്. പോലീസിന്റെ മോശം പെരുമാറ്റം പൊതുജനങ്ങള്‍ സഹിക്കേണ്ട ആവശ്യമില്ല. പോലീസ് ജനങ്ങളോടു മാന്യമായി പെരുമാറണമെന്നു നിര്‍ദേശിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
കോവിഡിന്റെ പേരില്‍ സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ പെരുകുന്നെന്നു പരാതികള്‍ ഉയരുന്ന ഘട്ടത്തിലാണു ഹൈക്കോടതിയുടെ വിമര്‍ശനം.
ചേര്‍പ്പിലെ തന്റെ സ്ഥാപനത്തിലെത്തിയ എസ്ഐ മകളോടു മോശമായി പെരുമാറിയെന്നും തങ്ങളെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും ഹര്ജിക്കാരന് ബോധിപ്പിച്ചിരുന്നു. നേരത്തെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ തൃശൂര്‍ ജില്ലാ പോലീസ് മേധാവിയില്‍നിന്നു റിപ്പോര്‍ട്ട് തേടിയിരുന്നു.