പാലാ: വീട്ടമ്മയുടെ പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജഅക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും മോര്‍ഫു ചെയ്ത നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പണം വാങ്ങി പലര്‍ക്കും വില്‍ക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ.
വള്ളിച്ചിറ മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പില്‍ ജെയ്മോനെ (20) യാണ് പാലാ പോലീസ് അറസ്റ്റു ചെയ്തത്.വീട്ടമ്മയുടെ ചിത്രങ്ങള്‍ അവരറിയാതെ കാമറയിലും മൊബൈല്‍ ഫോണിലും പകര്‍ത്തിയ ശേഷം പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നഫോട്ടോകളാക്കി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയാണ് ഇയാള്‍ ചെയ്തതെന്ന് പാലാ എസ്എച്ച്ഒ കെ.പി. തോംസണ്‍ പറഞ്ഞു.
ടെലഗ്രാം, ഷെയര്‍ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളില്‍ ഈ സ്ത്രീയുടെ പേരില്‍ അവരുടെ യഥാര്‍ഥ ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചു. പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയില്‍ ചാറ്റ് ചെയ്യും.
സൗഹൃദം സ്ഥാപിച്ചശേഷം ആളുകള്‍ ആകൃഷ്ടരാകുമ്പോള്‍ ചാറ്റ് നടത്തി പലരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. പലരും സ്ത്രീയാണെന്ന വിചാരത്തില്‍ നഗ്നഫോട്ടോകള്‍ ആവശ്യപ്പെടുമ്പോള്‍ പണം നല്കിയാല് കാണിക്കാം എന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്.
പല ആളുകളും ഇയാളുടെ വാക്ചാതുരിയില് വീഴുകയും അങ്ങനെയുള്ളവര്‍ക്ക് ഇയാളുടെ ഗൂഗിള്‍ പേ അക്കൗണ്ട് അയച്ച് നല്കി അതുവഴി പണം വാങ്ങിയ ശേഷം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു നല്‍കുകയും ചെയ്തു.
കൂട്ടുകാരോടൊപ്പം പലയിടങ്ങളിലും പോയി ഉല്ലസിക്കാനും മദ്യപിക്കാനും മറ്റുമാണ് ഇയാള്‍ ഈ പണം വിനിയോഗിച്ചത്. പ്രതിക്കെതിരേ കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലും സമാനമായ മറ്റൊരു കേസ് നിലവിലുണ്ട്.