സ്വന്തം ലേഖകന്‍
കൊച്ചി: ഹൈക്കമാന്‍ഡിന്റെ അകമഴിഞ്ഞ പിന്തുണയോടെ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശക്തി പ്രാപിക്കുന്ന കെ. സുധാകരന്, കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന് സഖ്യത്തെ നേരിടാന്‍ പുതിയ നീക്കവുമായി രമേശ് ചെന്നിത്തല.
ഇരുഗ്രൂപ്പുകള്‍ക്കും ഒറ്റയ്ക്കൊറ്റയ്ക്ക് നിലനില്പില്ലാത്തതിനാല്, ഒരുമിപ്പിച്ചു നിര്‍ത്തി അതിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനാണ് ചെന്നിത്തലയുടെ നീക്കമെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ അദേഹത്തിന്റെ പ്രതികരണങ്ങളില്‍നിന്ന് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.
കടുത്ത വിമർശനം
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രണ്ടു ദിവസം മുമ്പ് പ്രതികരിക്കാതിരുന്ന രമേശ് ഇന്നലെ ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് സംസ്ഥാന നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചും ഉമ്മന്‍ ചാണ്ടിയെ വാനോളം പുകഴ്ത്തിയും രംഗത്തുവന്നതാണ് ഇങ്ങനെയൊരു നീക്കത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോഴത്തെ ആദ്യപ്രതിഷേധത്തിനുശേഷം പരസ്യപ്രതികരണത്തില്നിന്നു പിന്മാറിയ ചെന്നിത്തല പാര്‍ട്ടിയില്‍ ഏറെക്കുറെ മഞ്ഞുരുകിത്തുടങ്ങുമ്പോഴാണ് വീണ്ടും കടുത്ത ഭാഷയില്‍ നേതൃത്വത്തിനെതിരേ വിമര്‍ശനം അഴിച്ചുവിട്ടുവെന്നതും ശ്രദ്ധേയമാണ്.
നിലവിലെ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിലും കേരളത്തിലെ പ്രവര്‍ത്തകര്‍ക്കിടയിലും സ്വാധീനം കൂടുതലുള്ള സുധാകരനും സതീശനും നേതൃത്വം നല്കുന്ന വിഭാഗത്തെ എതിര്‍ക്കാന്‍ എ,ഐ ഗ്രൂപ്പുകള്‍ക്ക് ശക്തി പോരെന്ന തിരിച്ചറിവിലാണ് ചെന്നിത്തലയുടെ പുതിയ രാഷ്ട്രീയ നീക്കമെന്ന് പറയപ്പെടുന്നു.
ഒരുമിച്ച് ശക്തി കൂട്ടാൻ
പ്രായവും ആരോഗ്യപ്രശ്നവും അലട്ടുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇനി പഴയതുപോലെ ഗ്രൂപ്പിനെ ശക്തമായി നിലനിര്‍ത്തി മുന്നോട്ടുപോവുക വെല്ലുവിളിയാണ്. ഗ്രൂപ്പില്‍ രണ്ടാമനായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകട്ടെ, ഇപ്പോള്‍ ഗ്രൂപ്പുമായി അത്ര അടുപ്പത്തിലുമല്ല.
ഈ സാഹചര്യം മുതലെടുത്ത് രണ്ടു ഗ്രൂപ്പുകളേയും ഒന്നിപ്പിച്ചാല്‍ സ്വാഭാവികമായും അതിന്റെ നേതൃത്വത്തിലേക്ക് എത്താന്‍ രമേശ് ചെന്നിത്തലയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ല.
കോട്ടയം ഡിസിസി പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന വേദിയില്‍ രമേശ്, സ്വയം എളിമപ്പെട്ടും തന്നേക്കാള്‍ വളരെ ഉയരത്തില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിഷ്ഠിച്ചും സംസാരിച്ചപ്പോള്‍ എ ഗ്രൂപ്പുകാരനായ കെ.സി. ജോസഫ് ചെന്നിത്തലയെ തിരിച്ചു പുകഴ്ത്താനും മറന്നില്ല.
മുമ്പ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലുണ്ടായിരുന്ന അനൈക്യവും ഏറെക്കുറെ ഇല്ലാതാകുന്നതായാണ് അടുത്തയിടെ കണ്ടുവരുന്നത്.ഇരു ഗ്രൂപ്പുകളും ഒന്നിച്ചു നിന്നാല്‍, ഇപ്പോള്‍ തങ്ങളുടെ പരാതികള്‍ മുഖവിലയ്ക്കെടുക്കാത്ത ഹൈക്കമാന്‍ഡില്‍നിന്ന് കെപിസിസി പുനസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ പരിഗണന കിട്ടുമെന്നും നേതാക്കള്‍ കരുതുന്നു.