കോഴിക്കോട്: നേതൃത്വത്തിലെ ചിലർ സ്ത്രീവിരുദ്ധ പരാമർശം നടത്തി അധിക്ഷേപിച്ചുവെന്ന എംഎസ്എഫിലെ വനിതാ വിഭാഗമായ ഹരിതയുടെ പത്ത് പ്രവർത്തകർ വനിതാകമ്മീഷനു നൽകിയ പരാതിയിൽ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് കോഴിക്കോട്ടേക്ക് മാറ്റി.
ചൊവ്വാഴ്ച മലപ്പുറത്തു നടത്താനിരുന്ന സിറ്റിംഗാണ് കോഴിക്കോട്ടേക്കു മാറ്റിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരാതിക്കാർക്ക് മലപ്പുറത്ത് എത്താനുള്ള അസൗകര്യം ചൂണ്ടിക്കാട്ടിയതോടെയാണ് സിറ്റംഗ് കോഴിക്കോട്ടേക്ക് മാറ്റിയത്. വനിതാ കമ്മീഷന്റെ പരാതിയിൽ പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
പ്രശ്നത്തിൽ ഇടപ്പെട്ട് മുസ്ലിംലീഗ് നേതൃത്വം ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ചിരുന്നു.ഹരിതയോട് വനിതാ കമ്മീഷനു നൽകിയ പരാതി പിൻവലിക്കാനും ആരോപണവിധേയരായ എംഎസ്എഫ് നേതാക്കളോട് സമൂഹമാധ്യമം വഴി ക്ഷമാപണം നടത്താനും നിർദേശിച്ചു.
എന്നാൽ നിർദേശം സ്വീകരിക്കാതെ ഹരിത നേതാക്കൾ പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു. ബുധനാഴ്ച ചേരുന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയോഗം പ്രശ്നം ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. ഹരിത നേതാക്കൾക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.