കടുത്തുരുത്തി: കെഎസ്ഇബി യുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധവുമായി കടുത്തുരുത്തിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്ത്.
തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസവും വോള്‍ട്ടേജ് പ്രശ്നവുമെല്ലാം പരിഹരിക്കാന്‍ കെഎസ്ഇബി നടപടി സ്വീകരിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.
മഴക്കാലത്ത് മാത്രമല്ല, നല്ല കാലാവസ്ഥയുള്ള ദിവസങ്ങളിലും തുടര്‍ച്ചയായി വൈദ്യുതി മുടക്കമുണ്ടാക്കി വ്യാപാരികളെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കുകയാണ് കെഎസ്ഇബിയെന്നു പരാതിക്കാര്‍ പറയുന്നു.
പലപ്പോഴും തുടര്‍ച്ചയായ വൈദ്യുതി മുടക്കത്തെ തുടര്‍ന്ന് രണ്ടോ, മൂന്നോ മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ഉപയോഗത്തിനായി ലഭിക്കുകയെന്നും ആക്ഷേപമുണ്ട്.
സമയത്ത് പണമടയ്ക്കാന്‍ വൈകിയാല്‍ ഫ്യൂസ് ഊരാനെത്തുന്ന വൈദ്യുതി വകുപ്പ് തടസങ്ങളില്ലാതെ വൈദ്യുതി ലഭ്യമാക്കാനും ശുഷ്കാന്തി കാണിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
തുടര്‍ച്ചയായ വൈദ്യുതി തടസങ്ങളെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന കംമ്പ്യൂട്ടറുകള്‍, ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍, ഫ്രിഡ്ജുകള്‍ തുടങ്ങിയവയ്ക്കെല്ലാം തകരാറുകള്‍ ഉണ്ടാകുന്നതായും പരാതിയുണ്ട്.
കൂടാതെ രണ്ട് മാസത്തിലൊരിക്കല്‍ റീഡിംഗ് എടുക്കുന്നതുമൂലം ഉണ്ടാകുന്ന അമിത ബില്ല് ഒഴിവാക്കാന്‍ എല്ലാ മാസവും റീഡിംഗ് എടുക്കാന്‍ സൗകര്യമുണ്ടാക്കണണെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
പ്രശ്ന പരിഹാരങ്ങള്‍ക്കു നടപടി സ്വീകരിച്ചില്ലെങ്കില്‍ കടകള്‍ അടച്ചിട്ടു വ്യാപാരികളുടെ നേതൃത്വത്തില്‍ കടുത്തുരുത്തി കെഎസ്ഇബി ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്നും യൂണിറ്റ് പ്രസിഡന്റ് ജോണി കടപ്പൂരാന്‍, ജനറല്‍ സെക്രട്ടറി പി.കെ. വിജയന്, ട്രഷറര്‍ ജോസ് കോട്ടായില്‍ എന്നിവര്‍ മുന്നറിയിപ്പ് നല്കി.