ഈ ദ്വീപിലെത്തിയാൽ മാസ്ക് വയ്ക്കണം. അതു നിർബന്ധമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കും? നമ്മുടെ നാട്ടിലാണെങ്കിൽ പോലീസ് പിടിക്കും, ഫൈൻ കിട്ടും.
എന്നാൽ ജപ്പാനിലെ മിയാകെജിമ എന്നറിയപ്പെടുന്ന ദ്വീപിലെത്തിയാൽ പോലീസൊന്നും പിടിക്കില്ല, ഫൈനും കിട്ടില്ല. പക്ഷേ, നമ്മുടെ വിലപ്പെട്ട ജീവൻ ഉണ്ടല്ലോ, അതങ്ങു പോയിക്കിട്ടും.
ഈ ദ്വീപിൽ താമസിക്കാൻ കേവലം കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നമ്മൾ ധരിക്കുന്ന മാസ്കൊന്നും പറ്റില്ല.
മറിച്ച് ഏറെ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്കു വരെ വഴിവച്ചേക്കാവുന്ന ഗ്യാസ് മാസ്ക് ആണ് ഈ ദ്വീപിൽ ധരിക്കാൻ.
അല്പസമയത്തേക്കു നമ്മുടെ നാട്ടിലെ മാസ്ക് ധരിക്കുന്പോൾ തന്നെ നമുക്ക് എന്തെല്ലാം പൊല്ലാപ്പുകളാണല്ലേ. അപ്പോപ്പിന്നെ മിയാകെ ദ്വീപിലുള്ളവരെ സമ്മതിച്ചേ പറ്റൂ.
ഗ്യാസ് മാസ്ക് ധാരികൾ
മിയാകെജിമ ദ്വീപിൽ ആദ്യമായിട്ട് നമ്മൾ എത്തുന്പോൾ പേടിക്കും. ഉറപ്പാണ്. കാരണം തല മുഴുവൻ മറച്ചുള്ള ഗ്യാസ് മാസ്ക് ധരിച്ച മനുഷ്യൻമാരെ കാണുന്പോൾ പേടിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.
ഈ ദ്വീപിൽ ആരും മുഖം പുറത്തുകാട്ടാറില്ല. പരസ്പരം തിരിച്ചറിയാൻ പോലും സാധിക്കില്ല. ജപ്പാനിലെ ഹോൻഷു ദ്വീപിനു തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ദ്വീപാണു മിയാകെ ജിമ.
പസിഫിക് സമുദ്രത്തിലെ ഡെവിൾസ് സീ എന്നറിയപ്പെടുന്ന കടൽപ്രദേശത്ത് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നു. വെറും 55 ചതുരശ്ര കിലോമീറ്ററേയുള്ളൂ ആകെ വിസ്തീർണം.
ജീവിച്ചുപോകാൻ
കേരളത്തിലെ ഒരു പട്ടണത്തിന്റെ വലിപ്പം വരുമായിരിക്കും. ടോക്യോയ്ക്കു 180 കിലോമീറ്റർ അകലെ മാറിയാണ് മിയാകെ ജിമ സ്ഥിതി ചെയ്യുന്നത്.
ഇവിടെ ജീവിച്ചുപോകാൻ കുറേ കഷ്ടപ്പാടുകളുണ്ട്. അത്ര സുഖകരം ആയിരിക്കില്ല, ജീവിതം. എന്നിട്ടും ഈ ദുരിതം പിടിച്ച ദ്വീപിൽ 2800 പേർ താമസിക്കുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം.
(തുടരും)
തയാറാക്കിയത് : നിയാസ് മുസ്തഫ