അടിമാലി: പണിക്കൻകുടിയിൽ മൂന്നാഴ്ചമുന്പ് കാണാതായ കാണാതായ സിന്ധുവിന്റെ 13 കാരനായ മകന്റെ സംശയമാണ് മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ അടുപ്പു പാതകത്തിനടിയിൽ നിന്നും കണ്ടെത്താൻ സഹായിച്ചത്.
അയൽവാസി ബിനോയിയുടെ അടുക്കളയിൽ മൂന്നാഴ്ച മുന്പ് പുതുതായി നിർമാണപ്രവർത്തനം നടന്ന വിവരം മൂന്നു ദിവസംമുന്പാണ് 13-കാരനായ അഖിൽ സിന്ധുവിന്റെ സഹോരങ്ങളെ അറിയിച്ചത്.
സിന്ധുവിനെ കാണാതായതിനുശേഷം ബിനോയി(48)യുടെ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയിൽ പുതിയ നിർമാണം നടന്നതായി 13-കാരൻ ശ്രദ്ധിച്ചത്.
ഇതനുസരിച്ച് ബിനോയിയുടെ വീട്ടിൽ പരിശോധന നടത്തിയവർ അടുക്കളയിലെ പാതകം പുതുക്കി നിർമിച്ചത് ബോധ്യപ്പെട്ടു.
മണ്കട്ടകൊണ്ടു നിർമിച്ചിരുന്ന അടുപ്പും പാതകവും മാറ്റി സിമന്റു കട്ടകൊണ്ടു പുതുക്കി പണിതിരുന്നു. സിന്ധുവിന്റെ ബന്ധുക്കൾ അടുപ്പു പൊളിച്ചു മണ്ണുനീക്കിയപ്പോൾ ഒരു കൈയ്യും വിരലുകളും കണ്ടെത്തി.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ പോലീസ് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ഭർത്തവുമായി അകന്ന സിന്ധു മകനുമൊത്ത് അഞ്ചുവർഷമായി പണിക്കൻകുടിയിൽ പണിക്കൻകുടി മണിക്കുന്നേൽ ബിനോയിയുടെ വീടിന് സമീപം വാടക വീട്ടിലായിരുന്നു താമസം.
ഭാര്യയെ ഉപേക്ഷിച്ച് ഒറ്റക്ക് താമസിക്കുന്ന ബിനോയി സിന്ധുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും ഇടയ്ക്ക് ഇരുവരും തമ്മിൽ വക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായും അയൽവാസികൾ പറഞ്ഞിരുന്നു.
കഴിഞ്ഞ 11-ന് രാത്രി മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടിൽ കൂട്ടുകിടപ്പിനായി സിന്ധു പറഞ്ഞയച്ചിരുന്നു. 12-ന് മകൻ വീട്ടിൽ എത്തിയപ്പോൾ അമ്മയെ കാണാതായി.
തുടർന്ന് മകൻ സിന്ധുവിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ വെള്ളത്തുവൽ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 15 മുതൽ പോലീസ് അന്വേഷണം ആരംഭിക്കുകയും സംശയത്തിന്റെ അടിസ്ഥാനത്തിൽ ബിനോയിയെ ചോദ്യംചെയ്യുകയും ചെയ്തു. 16-ന് ബിനോയി മുങ്ങി.
16-ന് ഒളിവിൽപോയ ബിനോയി അയൽ സംസ്ഥാനത്തേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്.
29-ന് തൃശൂരിൽ ബിനോയി എടിഎം ഉപയോഗിച്ച് പണമെടുത്തതായി പോലീസ് കണ്ടെത്തി. പിന്നീട് പാലക്കാട്ടും എത്തിയതായി വിവരമുണ്ട്.
ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് ബിനോയി എന്നും നേരത്തേ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.
സിന്ധുവുമായി അകന്നുകഴിയുന്ന ഭർത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ ഫോണിൽ വിളിച്ചിരുന്നു.
ഇതോടെ ബിനോയി അസ്വസ്ഥനായി. ഭർത്താവ് വിളിച്ചാൽ ഫോണ് എടുക്കരുതെന്നും സിന്ധുവിനോട് ബിനോയി പറഞ്ഞിരുന്നു.
എന്നാൽ, ഭർത്താവുമായി ഒത്തു പോകാൻ തീരുമാനിച്ചതോടെ സിന്ധുവിനെ ബിനോയി വകവരുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. ക്രൂരമായി മർദിച്ചശേഷം ശ്വാസം മുട്ടിച്ചയിരുന്നു കൊലപാതകം.
കോടതിയിൽവച്ചാണ് സിന്ധുവുമായി ബിനോയി അടുപ്പത്തിലായത്. സിന്ധുവിന്റെ സഹോരന്റെ കേസുമായി ബന്ധപ്പെട്ട് ആറുവർഷം മുൻപ് കോടതിയിൽ എത്തിയപ്പോഴായിരുന്നു ഇത്. മറ്റൊരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയതായിരുന്നു ബിനോയി.
ഭർത്താവുമായിട്ടുളള അകൽച്ച മുതലെടുത്ത് സിന്ധുവിനെ സ്വന്തം നിലയ്ക്ക് ബിനോയി ഇയാളുടെ വീടിനോടുചേർന്ന് വാടക വീടെടുത്ത് താമസിപ്പിച്ചുവരികയായിരുന്നു.
ഈസമയം ഇളയ മകൻ മാത്രമാണ് സിന്ധുവിനൊപ്പമുണ്ടായിരുന്നത്. ഭാര്യയുമായി 2013-ൽ ബിനോയി ബന്ധം വേർപ്പെടുത്തിയതായിരുന്നു.
പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
പ്രതിക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.