വിശ്വാസികള്‍ പവിത്രമായി കരുതുന്ന പള്ളിയോടത്തില്‍ ഷൂസിട്ടു കയറി ഫോട്ടോഷൂട്ട് നടത്തി പുലിവാല് പിടിച്ച് നടി.
സീരിയല്‍ താരം തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോയാണ് പുതുക്കുളങ്ങര പള്ളിയോടത്തില്‍ ഷൂസണിഞ്ഞ് കയറിയത്. ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള മാധ്യമങ്ങളിലില്‍ നടി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.
ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക് അകമ്പടി സേവിക്കല്‍ എന്നീ ആചാരപരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നത്.
ദൈവ സാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ പള്ളിയോടത്തില്‍ തുഴച്ചില്‍കാര്‍പോലും നോമ്പെടുത്ത് ചെരുപ്പിടാതെയാണ് കയറുന്നത്. ആചാരപരമായ ചടങ്ങു കള്‍ക്കു ശേഷമാണ് പള്ളിയോടങ്ങള്‍ മാലിപ്പുരകളില്‍ സൂക്ഷിക്കുന്നത്.
ഈ മാലിപ്പുരയില്‍ ശുദ്ധവൃത്തി ഇല്ലാതെ സ്ത്രീകള്‍ ഉള്‍പ്പെടെ ആരും കയറില്ല. ഭക്തര്‍ പവിത്രതയോടെ കാണുന്ന പള്ളിയോടത്തില്‍ സീരിയല്‍ താരം ഷൂസണിഞ്ഞ് കയറിയത് പള്ളിയോട കരകളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പുലിയൂര് സ്വദേശി ഉണ്ണി എന്ന യുവാവിനൊപ്പമാണ് നിമിഷയും മറ്റൊരു യുവതിയും എത്തിയത്. ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള ആനയ്ക്കൊപ്പംനിന്ന് ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് ഇവര്‍ പള്ളിയോടത്തില്‍ കയറി ഫോട്ടോ എടുത്തത്.
ഇത് നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിഷേധം വ്യാപകമായത് സംഭവത്തില്‍ ചതയം ജലോത്സവ സാംസ്കാരിക സമിതി പ്രതിഷേധിച്ചു.സമിതി ചെയര്മാന് എം.വി.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി നടി രംഗത്തെത്തി. തന്റെ അറിവില്ലായ്മ കൊണ്ടാണ് പള്ളിയോടത്തില്‍ ഷൂസിട്ടു കയറിയതെന്ന് നടി വ്യക്തമാക്കി.
ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കണമെന്ന് താന്‍ മനപ്പൂര്‍വം വിചാരിച്ചിട്ടില്ലായിരുന്നെന്നും സംഭവത്തില്‍ കരക്കാര്‍ക്കും വിശ്വാസികള്‍ക്കുമുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു.
തെറ്റ് മനസിലായതിനെ തുടര്‍ന്ന് നിമിഷ നവമാധ്യമങ്ങളില്‍നിന്നും പള്ളിയോടത്തില്‍ നില്ക്കുന്ന ഫോട്ടോ ഒഴിവാക്കി. എന്തായാലും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.