കെ.ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ സ മ്പര്‍ക്ക ബാധിതരില്‍ ഹൈറിസ്ക് കാറ്റഗറിയിലുള്പ്പെടുത്തിയ എട്ടു പേര്‍ക്കു രോഗലക്ഷണങ്ങള്‍.
ആരോഗ്യപ്രവര്‍ത്തകനും കുട്ടിയുടെ മാതാവിനുമാണ് പനിയുള്ളത്. ഇതേത്തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. ആരോഗ്യപ്രവര്ത്തകന് നേരത്തെ പനിയുണ്ടായിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇവരെ നിരീക്ഷിച്ചുവരികയാണ്.
ഏഴു പേരുടെ സാന്പിൾ
ഇവരുടേതുള്‍പ്പെടെ ഏഴ് പേരുടെ സാമ്പിളുകള്‍ പൂനൈയിലെ വൈറോളജി ലാബിലേക്ക് അയയ്ക്കും. അതേസമയം പൂനയിലെ വൈറോളജി ലാബിലെ വിദഗ്ധര്‍ ഇന്നു കോഴിക്കോടെത്തും. ഇവര്‍ കോഴിക്കോട് മെഡിക്കല്‍കോളജില്‍ വൈറോളജി ലാബ് ഒരുക്കും.
ഇവിടെ ആദ്യഘട്ട പരിശോധന നടത്തി പോസിറ്റീവാണെന്നു കണ്ടെത്തിയാല്‍ വിദഗ്ധ പരിശോധനയ്ക്കും ഔദ്യോഗിക സ്ഥിരീകരണത്തിനുമായി പൂന വൈറോളജി ലാബിലേക്ക് അയയ്ക്കും. സമ്പര്‍ക്കപട്ടികയിലുള്ള 17 പേര് മെഡിക്കല്‍ ഐസലേഷനിലാണുള്ളത്. ഇവരുടെ സ്രവസാമ്പിളുകള്‍ ഉടന്‍ ശേഖരിച്ചു പരിശോധിക്കും.
കൂടുതൽ പരിശോധന
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മരിച്ച ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ അബൂബക്കറിന്റെ മകന് മുഹമ്മദ് ഹാഷിമുമായി സമ്പര്ക്കത്തിലുള്ളവരുടേയും അവരുമായി അടുത്തിടപഴകിയവരേയും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. കുട്ടിക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതുമുതല്‍ മരണം വരെയുള്ള സഞ്ചാരപാത (റൂട്ട്മാപ്പ്) തയാറാക്കിയിട്ടുണ്ട്.
സന്പർക്ക പട്ടിക ഉയരാം
സമ്പര്‍ക്കപട്ടികയിലുള്ളവരുടെ എണ്ണം ഇനിയും ഉയരുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ക്ലിനിക്ക് ഉള്‍പ്പെടെയുള്ള പൊതുഇടങ്ങളില്‍ കുട്ടിയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്.
അതിനാല്‍ സമ്പര്‍ക്കപട്ടിക ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. കുട്ടിയുടെ ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടെ 200 ഓളം പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
മൂന്ന ജില്ലകളിൽ ജാഗ്രത
ഇതില്‍ 38 പേര് മെഡിക്കല്‍ കോളജിലെ ജീവനക്കാരാണ്. നിപ്പ സ്ഥിരീകരിച്ചതിന് പിന്നാലെ മൂന്ന് ജില്ലകള്‍ അതീവ ജാഗ്രതയിലാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ച അതീവജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചത്.
അതേസമയം രോഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ വിദഗ്ധരുള്‍പ്പെട്ട കേന്ദ്രസംഘം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
പരിശീലനം നല്‍കും
നിപ്പ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കു പ്രത്യേകം പരിശീലനം നല്കുമെന്നു മന്ത്രി വീണാ ജോര്‍ജ്. രോഗികളുമായി അടുത്തിടപഴകുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ രോഗം പടരാനുള്ള സാധ്യതയേറെയാണ്.
അതിനാല്‍ ഇവര്‍ക്കു പ്രത്യേകം പരിശീലനം നല്‍കും. രോഗലക്ഷണങ്ങളുള്ളവരെ പരിചരിക്കേണ്ട രീതിയും സ്വയംസുരക്ഷയുടെ ഭാഗമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളുമെല്ലാം വിശദമാക്കും.
പനി ശ്രദ്ധിക്കണം
കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പനിയുമായി എത്തുന്നവരെ എപ്രകാരം പരിശോധിക്കണമെന്നതിലും പരിചരിക്കണമെന്നതിലും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കും.
ആശാവര്‍ക്കര്‍മാര്‍ക്കും ഇതുസംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കും. സ്വകാര്യ ആശുപത്രികളിലുള്ളവര്ക്കും ഐഎംഎയുടെ സഹകരണത്തോടെ പരിശീലനം നല്‍കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഉറവിടം വെല്ലുവിളി
മുഹമ്മദ് ഹാഷിമിന് നിപ്പ എവിടെ നിന്നാണ് പടര്‍ന്നതെന്നു കണ്ടെത്തുകയാണ് ആരോഗ്യവകുപ്പിനു മുന്നിലുള്ള പ്രധാനലക്ഷ്യം. വവ്വാലില്‍ നിന്നു തന്നെയാണോയെന്നത് ഇനിയും സ്ഥിരീകരിക്കേണ്ടതായുണ്ട്. ഇക്കാര്യങ്ങളുള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധിക്കും.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) വിദഗ്്ധരുടെ സഹായവും ആരോഗ്യവകുപ്പ് തേടും.