കോതമംഗലം: നെല്ലിക്കുഴിയിൽ ഡെന്റല്‍ ഹൗസ് സര്ജന് ഡോ. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ.
മാനസയെ കൊന്നശേഷം സ്വയം വെടിവച്ചു മരിച്ച കണ്ണൂര്‍ സ്വദേശി രാഖിലിന്റെ സുഹൃത്തായ ആദിത്യന് (26) ആണ് അറസ്റ്റിലായത്.
ഇയാളും കണ്ണൂർ സ്വദേശിയാണ്. രാഖിൽ പിസ്റ്റള്‍ വാങ്ങാന്‍ ബിഹാറിലേക്കു പോയപ്പോൾ ആദിത്യനും ഒപ്പമുണ്ടായിരുന്നു.
കൂടെ പോയതല്ലാതെ പിസ്റ്റള്‍ വാങ്ങാനാണു പോകുന്നതെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് ആദിത്യന്റെ മൊഴി.
എന്നാൽ ആയുധ നിയമപ്രകാരം, കൂടെപ്പോയ ആളും കുറ്റക്കാരനാണ്. കണ്ണൂരിൽനിന്ന് അറസ്റ്റിലായ ആദിത്യനെ കോതമംഗലം കോടതിയില്‍ ഹാജരാക്കി.
കസ്റ്റഡിയില്‍ വാങ്ങിയ ഇയാളുമായി അന്വേഷണ സംഘം വീണ്ടും ബിഹാറിലേക്കു പുറപ്പെട്ടു. തോക്ക് വാങ്ങിയ സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പു നടത്തും.