കണ്ണൂര്‍ ആദികടലായിയിൽ ശ്രീ സുന്ദരേശ്വര ബസിലെ കിളി റെജിമോള്‍ക്ക് ആശംസകൾ നേർന്ന് മുൻ മന്ത്രി കെ കെ ശൈലജ.
ആദികടലായി കുന്നംകൈ റൂട്ടിലോടുന്ന ശ്രീ സുന്ദരേശ്വര ബസ് സര്‍വീസിലെ കിളിയാണ് റെജിമോള്‍. ബസിന്റെ ഡ്രൈവർ റെജിമോളുടെ ഭർത്താവ് മുഹമ്മദ്. കണ്ടക്ടര്‍ മകന് അജ്വദ്.
25 വര്‍ഷം മുന്‍പ് ബസ് പെര്‍മിറ്റടക്കം വാങ്ങിയപ്പോള്‍ പേര് മാറ്റാനൊന്നും ഇവര്‍ മെനക്കെട്ടില്ല.
കടലായി റൂട്ടില്‍ റോഡെല്ലാം പൊട്ടിപ്പൊളിഞ്ഞ സമയം. ക്ലീനറെ ജോലിക്ക് കിട്ടാതായി. സര്‍വീസ് മുടങ്ങുമെന്നായപ്പോള്‍ റെജിമോള്‍ കിളിയായിട്ട് ബസില്‍ കയറി.
പിന്നീടിങ്ങോട്ട് യാത്രക്കാരുടെ പ്രിയപ്പെട്ട ഇത്താത്തയായി റെജിമോള്‍. തിരക്കുള്ള റൂട്ടില്‍ വണ്ടി കൃത്യസമയത്തെത്തിക്കാനും ടയര്‍ പഞ്ചറായാല്‍ മാറ്റിയിടാനും ബസുകാര്ക്കിടയിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാനുമൊക്കെ താത്ത്ക്കുള്ള കഴിവ് ആരും സമ്മതിച്ചുതരും
കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂര്‍ ആദികടലായിയിലെ റെജിമോള്‍ സമൂഹത്തിന്റെ അഭിമാനമായി മാറുന്നു.
ബസിലെ ക്ലീനറായി ആര്‍ജവത്തോടെ സേവനമനുഷ്ടിക്കുകയും തന്റെ ജോലി യില്‍ ആത്മസംതൃപ്തിയോടെ മുഴുകുകയും ചെയ്യുന്ന റെജിമോള്‍ സമൂഹത്തിന് വലിയ സന്ദേശം നല്‍കുന്നുണ്ട്.
സ്ത്രീകള്‍ വെറുതേ വീട്ടില്‍ ഒതുങ്ങിയിരിക്കരുത് ജോലി ചെയ്ത് സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ജീവിക്കണം.
പെണ്‍കുട്ടികള്‍ ദുര്ബലരാവരുതെന്നും ജീവിതം കരുപ്പിടിപ്പിക്കാന്‍ ആര്‍ജവം കാണിക്കണമെന്നും റെജിമോള്‍ സ്വന്തം ജീവിതത്തിലൂടെ നമ്മളോട് പറയുന്നു.
ഭര്‍ത്താവ് മുഹമ്മദ് ഡ്രൈവറും മകന് അജുവദ് കണ്ടക്ടറുമായ ബസില്‍ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്നതിന്റെ സംതൃപ്തി റെജിമോളിലുണ്ട് ഭാര്യയുടെ ജോലി ഭര്‍ത്താവും ഇഷ്ടത്തോടെ കാണുന്നതാണ് കുടുംബത്തിന്റെ അന്തസ്സ്. റെജിമോളുടെയും കുടുംബത്തിന്റെയും ജീവിതത്തില്‍ ഒരുപാട് വിജയങ്ങളുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.