മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബുധനാഴ്ച പ്രഖ്യാപിക്കും. പരിക്കിന്റെ പിടിയിലായ ഓൾറൗണ്ടർ വാഷിംഗ്ടണ്‍ സുന്ദർ ടീമിലെത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 15 അംഗ ടീമിനെയും കോവിഡ് സാഹചര്യം പരിഗണിച്ച് റിസർവ് താരങ്ങളെയും ഉൾപ്പെടുത്തിയാകും ടീം പ്രഖ്യാപനം.
മുതിർന്ന താരം ശിഖർ ധവാന് ടീമിൽ സ്ഥാനം ലഭിച്ചേക്കില്ല. കെ.എൽ.രാഹുൽ-രോഹിത് ശർമ സഖ്യമാകും ഓപ്പണർമാരായി ടീമിലെത്താൻ സാധ്യത. ഐപിഎല്ലിലും ഇംഗ്ലണ്ട്, ശ്രീലങ്ക പര്യടനങ്ങളിലും തിളങ്ങിയ സൂര്യകുമാർ യാദവ് ടീമിലിടം നേടുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും ഹർദിക് പാണ്ഡ്യയും ടീമിലെത്തിയേക്കും.
ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാകും പേസ് ബൗളിംഗ് നിരയിലുണ്ടാവുക. ദീപക് ചഹറിനെ കൂടി ഈ സംഘത്തിലേക്ക് സെലക്ടർമാർ പരിഗണിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിലുള്ള ഉമേഷ് യാദവിനും മുഹമ്മദ് സിറാജിനും ടീമിലിടം ലഭിച്ചേക്കില്ല. വിരാട് കോഹ്ലി തന്നെയാവും ടീമിനെ നയിക്കുന്നത്.