തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ കൊലക്കേസ് പ്രതി ജാഹിർ ഹുസൈൻ (48) നെ പിടികൂടാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.
സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായയുടെ നിർദേശാനുസരണം പൂജപ്പുര സിഐ റോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
തൂത്തുക്കുടി സ്വദേശിയായ ജാഹിർ ഹുസൈൻ പൂജപ്പുര ജയിലിന് പുറത്തെത്തിയ ശേഷം ഓട്ടോറിക്ഷയിൽ തന്പാനൂരിലെത്തി അവിടെ നിന്നും തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ പിടികൂടാൻ സിറ്റി പോലീസ് തമിഴ്നാട് പോലീസിന്റെ സഹായം തേടി.
തടവുകാരന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ തമിഴ്നാട് പോലീസിന് കൈമാറി. പൂജപ്പുര പോലീസ് ഇന്ന് തമിഴ്നാട് തൂത്തുക്കുടിയിലേക്ക് തിരിക്കും.
വിശ്വാസവഞ്ചന!
ഇന്നലെ രാവിലെയാണ് ജാഹിർ ഹുസൈൻ ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ചാലയിലെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ 2017 ജൂണിൽ ഇയാളെ തിരുവനന്തപുരം സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2011 മുതൽ ഇയാൾ വിവിധ കേസുകളിൽ പ്രതിയായി ജയിൽവാസത്തിലായിരുന്നു.
സെൻട്രൽ ജയിലിലെ തടവുകാരുടെ വസ്ത്രങ്ങൾ കഴുകി ഉണക്കുന്ന ലാൻഡ്രി വിഭാഗത്തിലായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്.
ജയിൽ അധികൃതർ ഇയാളെ അമിതമായി വിശ്വസിച്ചിരുന്നതിനാൽ പ്രത്യേകം നിരീക്ഷിച്ചിരുന്നില്ല.
ഇയാൾ മുങ്ങിയതിനെ തുടർന്ന് പൂജപ്പുര പോലീസിൽ ജയിൽ അധികൃതർ പരാതി നൽകിയതോടെയാണ് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചത്.
അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ട ായിരുന്ന ജയിൽ ഉദ്യോഗസ്ഥൻ അമലിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.