മേലൂർ: സൈക്കിളിൽ സ്വപ്നയാത്രക്കിറങ്ങി മേലൂർ സ്വദേശിയായ ചെറുപ്പക്കാരൻ. ലക്ഷ്യസ്ഥാനം തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ. മേലൂർ കുന്നപ്പിള്ളി വടക്കേ തുരുത്തുമേൽ ആനന്ദിന്റേയും രാധയുടെയും ഏക മകനായ അരുണ്‍ (24) ആണ് ഈ സഞ്ചാരി.
ബംഗ്ലാദേശ്, മ്യാൻമർ, ലാവോസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് അരുണ്‍ യാത്ര തിരിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആരംഭിച്ച സവാരിയുടെ ഫ്ലാഗ് ഓഫ് കെഎൽ 64 പെഡലേഴ്സിന്റെ അഡ്മിൻ അസ്റ്റിൻ ജോഷി നിർവഹിച്ചു.
ഓരോ ദിവസത്തെയും സഞ്ചാരം അവസാനിപ്പിച്ച് താമസിക്കാൻ ടെന്റും,വാഹനത്തിന് തകരാർ സംഭവിച്ചാൽ പരിഹരിക്കാനുള്ള സാധന സാമഗ്രികളുമായാണ് യാത്ര ആരംഭിച്ചിരിക്കുന്നത്.
വീട്ടുകാരുടെയും നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും പൂർണ പിന്തുണയും ഈ ചെറുപ്പക്കാരനുണ്ട്. എംബിഎ പഠനം പൂർത്തിയാക്കിയ അരുണ്‍ നിരവധി സൈക്കിൾ യാത്രകൾ ഇതിനകം നടത്തി.
ടൈം ടു ഗോ വിത് എആർ എന്ന യുട്യൂബ് ചാനൽ വ്ലോഗർ ആയ അരുണ്‍ പതിനയ്യായിരം രൂപ മാത്രമായിട്ടാണ് യാത്ര ആരംഭിച്ചിട്ടുള്ളത്.
ഇന്ത്യയിലെ സുപ്രധാനങ്ങളായതും പ്രകൃതി സൗന്ദര്യത്താൽ ആകർഷണീയമായിട്ടുള്ളതുമായ വിവിധ സംസ്ഥാനങ്ങളും ഇദ്ദേഹം സന്ദർശിക്കുന്നുണ്ട്.
സാന്പത്തികമായി ബുദ്ധിമുട്ട് ഉണ്ടായാൽ തന്നാൽ ആവും വിധം ജോലി കണ്ടെത്തിയാലും ലക്ഷ്യസ്ഥാനങ്ങൾ കീഴടക്കുമെന്ന ഉറച്ച വിശ്വാസവുമായാണ് ഈ ചെറുപ്പക്കാരൻ യാത്രയുടെ അനുഭൂതി നുകരാൻ ഇറങ്ങിത്തിരിച്ചിട്ടുള്ളത്. ഒന്നാം ദിവസത്തെ യാത്ര കുട്ടനെല്ലൂരിൽ അവസാനിപ്പിച്ചു.