കുമരകം: കുമരകം ബോട്ട് ജെട്ടിക്കുസമീപം ഇടത്തോട്ടിലേക്കു പോളകയറാതിരിക്കാൻ സജ്ജീകരിച്ചിരുന്ന കന്പി വലയിൽ അണലി കുടുങ്ങി.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാന്പിനെ രക്ഷിച്ചു. പ്രഭാതസവാരിക്കെത്തിയ കണ്ടത്തിപറന്പിൽ സാജനാണു വലയിൽ കുരുങ്ങിക്കിടക്കുന്ന അണലിയെക്കുറിപ്പുള്ള വിവരം ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചത്.
തുടർന്നു കോട്ടയം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ പ്രൊട്ടക്ഷൻ ടീം സ്ഥലത്ത് എത്തി. ടീമിലെ അംഗമായ അബീഷാണു കുരുക്കഴിച്ച് അണലിയെ രക്ഷിച്ചത്.
കുമരകം പണ്ടാരച്ചിറ ബൈജുവിന്റെ സഹായത്തോടെ വള്ളത്തിൽ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സ്പെഷൽ ഫോറസ്റ്റ് ഓഫീസർ സിജി മുഹമ്മദ്, ബിഎഫ്ഒ എസ്. സനീഷ്, കുമരകം ഫോറസ്റ്റ് ഓഫീസർ ആർ. അഞ്ജലി തുടങ്ങിയവരുടെ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.
പരിക്കുകൾ ഏൽക്കാതെ പിടികൂടിയ അണലിയെ സുരക്ഷിതമായി വനത്തിലേക്ക് അയയ്ക്കുമെന്ന് എസ്എഫ്ഒ അറിയിച്ചു.