ഇ. അനീഷ്
കോഴിക്കോട്: മുൻ മന്ത്രി കെ.ടി. ജലീൽ തുറന്നു വിട്ട സഹകരണ ഭൂതം ഏറ്റുപിടിക്കാൻ ബിജെപി. സഹകരണ പ്രസ്ഥാനങ്ങൾ വഴിയുള്ള കള്ളപ്പന്ന ഇടപാടിൽ ലീഗ് -സിപിഎം അവിശുദ്ധ ബന്ധം തുറന്നു കാട്ടാനാണ് കേരള ബിജെപി ഘടകം തീരുമാനിച്ചിരിക്കുന്നത്.
എ.ആർ. നഗർ സഹകരണബാങ്കിൽ കള്ളപ്പണമെന്ന ആരോപണവുമായി ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്പിലെത്തിയാൽ അത് കേന്ദ്ര ഏജൻസികൾക്ക് കേരളത്തിലേക്ക് കടന്നുവരുന്നതിന് അവസര മൊരുക്കുമെന്ന ആശങ്കയാണ് സിപിഎമ്മിനുള്ളത്.
ഇത് മുതലാക്കി കെ.ടി.ജലീലിന് പരോക്ഷ പിന്തുണ നൽകി അന്വേഷണ ഏജൻസികളെ കേരളത്തിൽ എത്തിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു കഴിഞ്ഞു. ഇതു വഴി കേരള സഹകരണത്തിൽ കൈവയ്ക്കുക എന്ന ലക്ഷ്യവും പാർട്ടിക്കുണ്ട്.
തെരഞ്ഞെടുപ്പിൽ സിപിഎം-ലീഗ് കക്ഷികൾ വ്യാപകമായി പണം ഒഴുക്കുന്നതിന് പിന്നിൽ ഈ ‘സഹകരണമാണെന്ന്’ ബിജെപി ആരോപിക്കുന്നു.
മലബാറിൽ നിരവധി സഹകരണ സ്ഥാപനങ്ങൾ ബിജെപി ഭരിക്കുന്നതായുണ്ട്. എന്നാൽ ഇതിനേക്കാൾ പത്തിരട്ടി സിപിഎമ്മിനും കോണ്ഗ്രസ്-ലീഗ് കക്ഷികൾക്കുണ്ട്. അത് തന്നെയാണ് ബിജെ ലക്ഷ്യം വയ്ക്കുന്നതും.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ കള്ളപ്പണ സൂക്ഷിപ്പു കേന്ദ്രങ്ങളാണെന്ന ആരോപണം നേരത്തെ തന്നെ ബിജെപി ഉയർത്തി കൊണ്ടുവന്നിരുന്നു.