മാവേലിക്കര: കാലുകള്‍ തളര്‍ന്ന് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന വിനീതയുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം.
മനുഷ്യ സ്നേഹത്തിന്റെ മഹാശക്തിയായി സുബ്രഹ്മണ്യനും സിപിഎം ചെട്ടികുളങ്ങര ലോക്കല്‍ കമ്മറ്റിയും മുന്നില്‍ നിന്നതോടെ വിനീതയുടെ സ്വപ്നവും പൂവണിഞ്ഞു.
മറ്റം മഹാദേവര്‍ ക്ഷേത്രത്തില്‍, ഒരു നാടിനെ സാക്ഷിയാക്കി പാലക്കാട് തൃത്താല മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്റെയും ശാരദയുടെയും മകന് സുബ്രഹ്മണ്യന് വിനീതയുടെ കഴുത്തില്‍ താലി ചാര്‍ത്തി.
ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനത്തില്‍ വേണുഗോപാലിന്റെയും ഓമനയുടെയും മകള്‍ വിനീതയുടെ ജീവിതമറിഞ്ഞ സുബ്രഹ്മണ്യന് വിവാഹം കഴിക്കാന്‍ തയ്യാറാവുകയായിരുന്നു.
വിവാഹത്തിനു പണം കണ്ടെത്താനാവാതെ കുഴഞ്ഞ വിനീതയുടെ കുടുംബത്തെ സഹായിക്കാന്‍ സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മറ്റി മുന്നിട്ടിറങ്ങി.
വിനീതയുടെ (34) വിവാഹം നടത്താന്‍ സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മറ്റി തീരുമാനിച്ചത് ഒരുമാസം മുമ്പാണ്.
ലോക്കല്‍ സെക്രട്ടറി കെ. ശ്രീപ്രകാശ് കണ്‍വീനറായി സംഘാടക സമിതി രൂപീകരിച്ച് ആരംഭിച്ച ധനസമാഹരണത്തിന്റെ ഭാഗമായി ബിരിയാണി ചലഞ്ചും സംഘടിപ്പിച്ചു.
ഏഴുവാര്ഡുകളുള്ള ലോക്കലില്‍ വാര്‍ഡ് സംഘാടക സമിതികളും രൂപീകരിച്ച് 20 ദിവസം കൊണ്ട് നടത്തിയ പ്രചാരണത്തില്‍ 3500 ബിരിയാണികളാണ് വിറ്റുപോയത്.
കരിപ്പുഴ ഗ്രേസ് ഓഡിറ്റോറിയത്തില്‍ അഡ്വ. യു. പ്രതിഭ എംഎല്‍എ ബിരിയാണി വിതരണത്തിനു തുടക്കമിട്ടു.
ചലഞ്ചിലൂടെയും ബാങ്ക് അക്കൗണ്ട് വഴിയും സമാഹരിച്ച തുകയും ഉപഹാരങ്ങളും ഏരിയ സെക്രട്ടറി കെ. മധുസൂദനനും ജില്ലാ സെക്രട്ടറിയേറ്റംഗം എ. മഹേന്ദ്രനും ചേര്‍ന്ന് കഴിഞ്ഞ ദിവസം വിനീതക്കു കൈമാറിയിരുന്നു.
വിനീതയുടെ സഹോദരന് വിനീതും (32) കാലുകള്‍ തളര്‍ന്ന സ്ഥിതിയിലാണ്. 14 വര്‍ഷമായി പേശീക്ഷയം എന്ന രോഗത്താല്‍ വലയുന്ന ഇരുവരുടെയും ജീവിതം ചക്രക്കസേരയിലാണ്.
കാന്‍സര്‍ ബാധിതയായി ബ്രെസ്റ്റ് നീക്കം ചെയ്യേണ്ടി വന്ന ഓമനയുടെയും മക്കളുടെയും ചികിത്സക്കു പോലും ബുദ്ധിമുട്ടാണ് കുടുംബത്തില്‍.
വേണുഗോപാലിന്റെ, കൂലിപ്പണിയില്‍ നിന്നും കിട്ടുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്.
അഡ്വ. യു പ്രതിഭ എംഎല്‍എയും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസും ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി സുധാകരക്കുറുപ്പും ലോക്കല്‍ സെക്രട്ടറി ശ്രീപ്രകാശും ചേര്‍ന്നാണ് വിനീതയെ വിവാഹ പന്തലിലേക്ക് ആനയിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍, എ.എം, ആരിഫ് എംപി, ജില്ല സെക്രട്ടറിയേറ്റംഗം എ. മഹേന്ദ്രന്, ഏരിയ സെക്രട്ടറി കെ. മധുസൂദനന്, എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ, ഭാര്യ സ്നേഹ തുടങ്ങി പ്രമുഖരുടെ നിര തന്നെ ആശീര്വാദവുമായെത്തിയിരുന്നു.