ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ ദിദ്വിന സന്ദർശനത്തിനെത്തിയ കോൺഗ്രസ് രാഹുൽ ഗാന്ധി മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി.
കത്രയിൽ നിന്ന് 14 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് രാഹുൽ ക്ഷേത്രത്തിലെത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുവിലൂടെ നടന്നുനീങ്ങുന്ന രാഹുൽ ഗാന്ധിയുടെ ചുറ്റും കൊടികളുമായി കോൺഗ്രസും പ്രവർത്തകരും അണിനിരന്നു.
“ഞാൻ ഇവിടെ വന്നത് മാതായോട് പ്രാർത്ഥിക്കാനാണ്. ഞാൻ ഇവിടെ രാഷ്ട്രീയ അഭിപ്രായമൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല.’-രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
ക്ഷേത്രത്തിൽ കാമറകൾ പ്രവേശിപ്പിക്കാൻ മാധ്യമങ്ങൾക്ക് അനുവാദമില്ലായിരുന്നു. രാഹുൽ ക്ഷേത്രത്തിലെത്തിയ തീർഥാടകരുമായി സംവദിക്കുന്ന വീഡിയോകൾ കോൺഗ്രസ് പോസ്റ്റ് ചെയ്തു.
രാഹുലിന്റെ ആഗ്രഹപ്രകാരമായിരുന്നു ക്ഷേത്രദർശനമെന്ന് ജമ്മുകാഷ്മീർ കോൺഗ്രസ് പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷവും ക്ഷേത്രം സന്ദർശിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ജമ്മുവിലെ സാഹചര്യം മോശമായിരുന്നതിനാൽ അദ്ദേഹം പിൻമാറുകയായിരുന്നു.
രണ്ടാം ദിവസം കത്രയിൽ നിന്ന് ജമ്മുവിൽ മടങ്ങിയെത്തിയതിന് ശേഷം പ്രാദേശിക രാഷ്ട്രീയനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ചടങ്ങുകൾ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും പരിപാടികൾ നടക്കുക. പിന്നീട് ലഡാക്കിലേക്കും രാഹുൽ ഗാന്ധി തിരിക്കും.
പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇത് രണ്ടാം തവണയാണ് രാഹുൽ ജമ്മു കാഷ്മീരിലെത്തുന്നത്. ഓഗസ്റ്റ് ഒമ്പതിനും അദ്ദേഹം ജമ്മുകാഷ്മീർ സന്ദർശിച്ചിരുന്നു.