സ്വന്തം ലേഖകൻ
കോഴിക്കോട്. സംസ്ഥാന സർക്കാരിന്റെ ആശ്വാസ പദ്ധതിയായ സൗജന്യ കിറ്റ് വിതരണം നിർത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്.
നിലവിലെ സാഹചര്യത്തിൽ കിറ്റ് വിതരണം തുടർന്നു കൊണ്ടുപോകേണ്ടെന്ന തിരുമാനത്തിനാണ് മുൻ തൂക്കമെന്നറിയുന്നു. നിലവിൽ സെപ്റ്റംബർ മാസം വരെയുള്ള കിറ്റ് വിതരണം പൂർത്തിയാക്കിയ ശേഷം തീരുമാനമെടുക്കും.
താത്കാലികമായി…?
കോവിഡ് കാലത്ത് സർക്കാർ സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് നൽകിയിരുന്നു. ഓണക്കാലത്ത് സ്പെഷൽ കിറ്റും നൽകി.
ഇപ്പോൾ കേരളം സന്പൂർണ ലോക്ഡൗണ്‍ പിൻവലിക്കുകയും ജീവിത സാഹചര്യം ഏതാണ്ട് പഴയതു പോലെ ആകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം പുനപരിശോധിക്കുന്നത്.
കിറ്റ് വിതരണം താത്കാലികമായി നിർത്താമെന്നും കോവിഡ് സാഹചര്യം വീണ്ടും പ്രതികൂലമാകുന്പോൾ പുനരാരംഭിക്കാമെന്നും ധന വകുപ്പ് കരുതുന്നു.
ഇതല്ലെങ്കിൽ കിറ്റ് വിതരണത്തിൽ നിന്നു മുൻഗണനാ വിഭാഗത്തെ ഒഴിവാക്കുന്ന കാര്യവും ആലോചനയിലുണ്ട്. എന്തായാലും ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.
കിറ്റ് വിതരണത്തിലെ കമ്മീഷൻ കിട്ടിയില്ലെന്നാരോപിച്ച് റേഷൻ വ്യാപാരികൾ സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യവും ഉണ്ട്.