ജോണ്സണ് വേങ്ങത്തടം
കോട്ടയം: തെക്കൻകേരളത്തിലും മധ്യകേരളത്തിലും എം.എ. ബേബി പക്ഷം കരുത്താർജിക്കുന്നതു അന്വേഷണ കമ്മീഷനുകളുടെ റിപ്പോർട്ടുകളിൽമേലുള്ള സിപിഎം നടപടികൾക്കു തടസമാകുന്നു.
വടക്കൻ കേരളത്തിൽ ഒൗദ്യോഗിക വിഭാഗത്തിനു കരുത്തുണ്ടെങ്കിലും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇതുവരെയുണ്ടായിരുന്നവരിൽ പലരും ബേബി പക്ഷത്തേക്കു മാറിയതാണ് പ്രധാന പ്രശ്നമായി ഉയരുന്നത്.
വി.എസ് പക്ഷത്തൊടൊപ്പം ഉണ്ടായിരുന്നവരും പിണറായി കരുത്തിൽ നിശബ്ദരായവരും തക്ക സമയത്തു ബേബി പക്ഷത്തോടു ചേർന്നതും പല ജില്ലകളിലും പാർട്ടിക്കു വിനയാകുന്നുണ്ട്.
പ്രത്യേകിച്ചു എറണാകുളത്താണ് ഇതിന്റെ സൂചനകൾ പുറത്തു വരുന്നത്. സിപിഎമ്മിന്റെ സംസ്ഥാനത്തെ വിവിധ ജില്ലാ കമ്മറ്റികളിൽ നടക്കുന്ന അന്വേഷണ കമ്മീഷനുകളുടെ ശിപാർശകളിലും നിർദ്ദേശങ്ങളിലും ശക്തമായ നടപടികളുണ്ടാകുന്പോൾ എറണാകുളത്ത് നടപടി എടുക്കാൻ കഴിയാതെ പാർട്ടി നേതൃത്വം വിഷമിക്കുകയാണ്.
കഴിഞ്ഞ രണ്ട് ആഴ്ചയായി ജില്ലാ സെക്രട്ടേറിയേറ്റും കമ്മറ്റിയും കൂടിയിട്ടും എറണാകുളത്തെ ദിനേശ് മണി, കോട്ടമുറി കമ്മീഷൻ റിപ്പോർട്ടുകളിൽ നടപടിയെടുക്കാനാകാതെ കുഴയുകയാണ് പാർട്ടി.
അറ്റകൈ പ്രയോഗം എന്ന നിലയിൽ പത്തു ജില്ലാ കമ്മിറ്റിയംഗങ്ങളോട് വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഇവിടെ പ്രതീക്ഷിക്കുന്നില്ല. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.കെ. മണി ശങ്കറിനെയും എൻ.സി. മോഹനനെയും രക്ഷിച്ചെടുക്കാനാണ് ഇവിടെ നീക്കം നടക്കുന്നതെന്ന സൂചന പുറത്തു വന്നുകഴിഞ്ഞു.
ഈ രണ്ടു അംഗങ്ങളെ രക്ഷിക്കാൻ കടുത്ത നടപടിയിൽ നിന്നൊഴിവാക്കാനും ബാക്കിയുള്ള പി.കെ. സോമൻ, ഷാജു ജേക്കബ്, സി.എൻ. സുന്ദരൻ, കെ. ഡി. വിൻസെന്റ്, പി.എം. സലിം, പി. വാസുദേവൻ, സാജു പോൾ, എം.ഐ. ബീരാൻ തുടങ്ങിയ എട്ട് അംഗങ്ങൾക്ക് ചെറിയ ശിക്ഷകൾ നൽകി നടപടികൾ അവസാനിപ്പിക്കാനുമാണ് നീക്കം.
എറണാകുളം ജില്ലയിലെ രൂക്ഷമായ വിഭാഗീയതയാണ് ഇതിന് കാരണമായിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റിൽ ബേബി പക്ഷത്തിന്റെ ആധിപത്യമാണ്. ആകെയുള്ള 17 ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നാലുപേർ മാത്രമാണു പിണറായി പക്ഷത്തുള്ളത്. ഈ ഭൂരിപക്ഷമാണ് എറണാകുളത്ത് ശക്തമായ നടപടികൾക്ക് വിഘാതമാകുന്നത്.
ജില്ലാ സെക്രട്ടറിയുൾപ്പെടെ നാലു പിണറായി പക്ഷക്കാർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. 14 നു രാവിലെ സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റിൽ എന്ത് നടപടിയുണ്ടാകുമെന്നത് കണ്ടറിയേണ്ടി വരും. മിക്കവാറും താക്കീതോ ശാസനയോ നൽകി പാർട്ടി സമ്മേളനങ്ങൾക്ക് മുന്പായി തീർക്കാനാണ് നീക്കം.
എന്നാൽ കോഴിക്കോടും കണ്ണൂരും തിരുവനന്തപുരത്തും മാതൃകാപരമായാണ് ജില്ലാ നേതാക്കൾക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കണ്ണൂർ ജില്ലയിൽ തളിപ്പറന്പ് ഏരിയയിലെ ഡസൻ കണക്കിന് നേതാക്കൾക്കെതിരെയാണ് നടപടി.
തിരുവനന്തപുരം അരുവിക്കരയിൽ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേയ്ക്ക് തരം താഴ്ത്തി. എന്നാൽ ഒരു കേന്ദ്ര കമ്മിറ്റിയംഗവും പത്തു സംസ്ഥാന കമ്മിറ്റി നേതാക്കളുമുൾപ്പെട്ട എറണാകുളം ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടിയെടുക്കാൻ പാർട്ടിക്കു കഴിയാതെവരികയാണ്.
പിണറായി പക്ഷക്കാരനായ എറണാകുളം ജില്ലാ സെക്രട്ടറി കഴിഞ്ഞ മാസത്തെ പംക്തിയിൽ ജില്ലയിലെ നേതാക്കളുടെ സാന്പത്തികവും റിയൽ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ ബേബി പക്ഷത്തെ നോട്ടമിട്ടായിരുന്നു ലേഖനം.
ഇനി 14 ന് നടക്കുന്ന അടിയന്തിര സെക്രട്ടേറിയറ്റ് കൂടി കടന്നു കിട്ടിയാൽ പാർട്ടി വിശദീകരണം ചോദിച്ചിരിക്കുന്ന നേതാക്കൾക്ക് രക്ഷയാകും. പക്ഷേ ഈ കമ്മിറ്റിയിൽ എന്തെങ്കിലും നടപടികളുണ്ടാകുമെന്നാണ് പാർട്ടിക്കാർ കരുതുന്നത്.
അതേ സമയം ആലപ്പുഴയിൽ ജി. സുധാകരനെതിരെയുള്ള എളമരം കരീം റിപ്പോർട്ടിൽ ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനമാകും. എന്തായാലും 15 ന് തുടങ്ങാൻ പോകുന്ന ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ എറണാകുളത്തെ നടപടി കാര്യങ്ങളിൽ അണികളിൽനിന്നും ശക്തമായ വിമർശനമുണ്ടാകും.