കൊടുങ്ങല്ലൂർ: ക്ഷേത്ര സ്വത്ത് പണയം വയ്ക്കാനുള്ള നീക്കത്തിനു തറക്കല്ലിടാൻ വരുന്ന ദേവസ്വം മന്ത്രിയെ ബിജെപി തടയുമെന്ന് ബി.ഗോപാലകൃഷ്ണൻ. എല്ലാ വികസനപ്രവർത്തനങ്ങളെയും ബിജെപി സ്വാഗതം ചെയ്യുന്നു.
എന്നാൽ വികസന പ്രവർത്തനങ്ങളുടെ മറവിൽ ക്ഷേത്ര സ്വത്ത് മുസരീസ് കന്പനിക്ക് കൈമാറാനുള്ള ദേവസ്വം ബോർഡിന്റെ നീക്കം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ക്ഷേത്ര പൈതൃകം നിലനിർത്തി മ്യൂസിയവും മറ്റു നിർമ്മാണപ്രവർത്തനങ്ങളും കഴിഞ്ഞു ക്ഷേത്രത്തിനു സമർപ്പിക്കണമെന്ന നിലപാട് ദേവസ്വം ബോർഡ് സ്വീകരിക്കണം, എംഒയൂ പ്രകാരം നിർമാണം കഴിഞ്ഞാൽ അഞ്ചു വർഷം മ്യൂസിയത്തിന്റെ ഉടമസ്ഥാവകാശം പൂർണമായും മുസരീസ് കന്പനിക്ക് നൽകുന്ന കരാർ റദ്ധാക്കുക,ഉൗട്ടുപുരയും നിലവറയും പൈതൃക സ്വത്തായി നിലനിർത്തി മ്യൂസിയം ദേവസ്വം ഓഫീസിനു മുൻപിലുള്ള കെട്ടിടത്തിൽ നടത്തണം തുടങ്ങീ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.
മണ്ഡലം പ്രസിഡന്റുമാരായ കെ എസ് വിനോദ്, സെൽവൻ മണക്കാട്ട്പടി സംസ്ഥാന കൗണ്‍സിൽ അംഗം ടി.ബി. സജീവൻ, ജില്ലാ സെൽ കോ-ഒാർഡിനേറ്റർ പി.എസ്. അനിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി എൽ.കെ. മനോജ്, മണ്ഡലം വൈസ് പ്രസിഡന്റ് വിദ്യാസാഗർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജിതേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.