രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യങ്ങള്‍ക്കു മറുപടിയുമായി നടി കങ്കണ റണാവത്ത്. നടി എന്ന നിലയില്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും നാളെ ജനങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും കങ്കണ വ്യക്തമാക്കി.
രാഷ്ട്രീയ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി നിലപാടുകള്‍ വ്യക്തമാക്കുന്ന കങ്കണ താന്‍ ദേശീയ വാദിയല്ലെന്നും ജനങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടെങ്കില്‍ രാഷ്ട്രീയപ്രവേശനം സന്തോഷകരമായ കാര്യമാണെന്നും പറഞ്ഞു.
ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും ജനപിന്തുണയില്ലാതെ വിജയിക്കാനാകില്ല. എന്നെ ജനങ്ങള്‍ അവരുടെ നേതാവായി തെരഞ്ഞെടുത്താന്‍ തീര്‍ച്ചയായും രാഷ്ട്രീയ പ്രവേശനമുണ്ടാകും. അതില്‍ സന്തോഷമേയുള്ളു. എന്നാല്‍ അതത്ര എളുപ്പമല്ലെന്നു നടി വ്യക്തമാക്കി.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയില്‍ ജയലളിതയായാണ് കങ്കണ വേഷ മിടുന്നത്. ചിത്രം റീലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തിലെ നായികയെപ്പോലെ താനും നാളെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കാമെന്ന സൂചനയാണ് കങ്കണ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ദേശീയ രാഷ്ട്രീയത്തിലെ പല വിഷയങ്ങളിലും നിലപാടുകള്‍ വ്യക്തമാക്കുന്നതിലൂടെ കങ്കണ നിരവധിത്തവണ വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. താന്‍ ഒരിക്കലും ഒരു ദേശീയവാദിയല്ല. ഞാന്‍ എന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത് രാഷ്ട്രീയക്കാരിയായുമല്ല.
രാഷ്ട്രീയത്തിലേക്ക് ചുവടെടുത്തുവയ്ക്കാന് വലിയ ജനപിന്തുണ ആവശ്യമാണ്. തത്കാലം നടി എന്ന നിലയിൽ ഞാൻ സന്തുഷ്ടയാണ്. പക്ഷേ നാളെ ജനങ്ങള്‍ക്ക് എന്നെ വേണമെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ സന്തോഷമേയുള്ളൂ.
ജയലളിതയുടെ ജീവിതത്തിലൂന്നിയ കഥയാണ് തലൈവി പറയുന്നതെന്നും പുരുഷമേധാവിത്വ സമൂഹത്തിന്റെ മനോഭാവം മാറ്റാനുള്ള ശ്രമങ്ങളൊന്നും ഇതിലൂടെ നടത്തിയിട്ടില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.