ചെങ്ങന്നൂർ: കാൻസർ രോഗത്താൽ അവശ നിലയിൽ കഴിയുന്പോൾ റേഷൻ കാർഡിന്റെ വിഭാഗം മാറ്റലിനായി അപേക്ഷിച്ച കാർഡ് ഭർത്താവിന്റെ രണ്ടാം ചരമവാർഷികത്തിലും ലഭിക്കാതെ ചെറിയനാട് സ്വദേശിനി ബിന്ദുവും മക്കളും.
ചെറിയനാട്ടെ വാടക വീട്ടിലാണ് വിജയകുമാറും ഭാര്യ ബിന്ദുവും മക്കളും കഴിഞ്ഞിരുന്നത്. സ്വന്തമായി വീടില്ലെങ്കിലും കൈയിലുണ്ടായിരുന്നത് സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗത്തിനുള്ള വെള്ള റേഷൻ കാർഡായിരുന്നു.
ഇതിനിടയിൽ വിജയകുമാർ കാൻസർ രോഗത്തിന് കീഴ്പ്പെട്ടു. ചികിത്സ ആവശ്യങ്ങൾക്കായി കാരുണ്യ പദ്ധതിയിൽ ഉൾപ്പെടണമെങ്കിൽ സാമ്പത്തികമായി പിന്നാക്കം നിൽകുന്നവർക്കുള്ള റേഷൻ കാർഡ് വേണം.
രണ്ടു വർഷം പിന്നിടുന്പൊഴും
ഇതിനായി അപേക്ഷകളുമായി പല തവണ ചെങ്ങന്നൂർ താലൂക്ക് സപ്ലൈ ഓഫീസിൽ കയറിയിറങ്ങി. കളക്ടർക്കും അപേക്ഷ നൽകി. ഒടുവിൽ 2019 മേയ് മാസത്തിൽ ചികിത്സ ആവശ്യം പരിഗണിച്ചു നിലവിലെ കാർഡ് സ്റ്റേറ്റ് പ്രയോറിറ്റിയിലേക്ക് മാറ്റാൻ കളക്ടർ ഉത്തരവിട്ടു.
എന്നാൽ അതിലും തുടർ നടപടിയുണ്ടായില്ലെന്നു ബിന്ദു പറയുന്നു. സെപ്റ്റംബർ മാസം വിജയകുമാർ മരണപ്പെട്ടു. ഇന്ന് രണ്ടു വർഷം പിന്നിടുമ്പോഴും കുടുംബത്തിനു കാർഡ് അനുവദിച്ചിട്ടില്ല.
വിജയകുമാറിന്റെ മരണശേഷവും ബിന്ദു പിന്നെയും മൂന്നു തവണ സപ്ലൈ ഓഫീസിൽ കയറിയിറങ്ങി. ഒന്നര മാസം മുൻപ് ബംഗളൂരുവിലെ സന്നദ്ധസംഘടന കുടുംബത്തിനു ചെറിയനാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ ഒരു വീടു വച്ചു നൽകി. തൊഴിലുറപ്പിനും മറ്റും പോയാണ് ബിന്ദു കുടുംബം പുലർത്തുന്നത്.
ഇനിയും അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് കുടുംബം. വിദ്യാർഥികളായ മകൻ അഭിജിത്തും, മകൾ അഞ്ജനയ്ക്കും തുടർ പഠനത്തിനായി ഒരു സ്കോളർഷിപ്പു പോലും നിലവിലെ സാഹചര്യത്തിൽ കിട്ടാത്ത അവസ്ഥയാണെന്നു ബിന്ദു പറയുന്നു.