കിഴക്കമ്പലം: ഡോക്ടറുടെ നിർദേശം നെസീമയ്ക്കു വിനയായപ്പോൾ ആൻസിയയ്ക്കു രക്ഷയായി. ഒരു വർഷം മുന്പാണ് ആൻസിയ അയൽവാസികൾക്കൊപ്പം പ്രഭാതസവാരി ആരംഭിച്ചത്.
കാല് വേദനയെത്തുടർന്നു ഡോക്ടർ പറഞ്ഞതനുസരിച്ച് ആൻസിയ ഇന്നലെ നടക്കാൻ പോയില്ല. പോയിരുന്നെങ്കിൽ പഴങ്ങനാട് ഷാപ്പുംപടിക്ക് സമീപം ഇന്നലെ പുലർച്ചെ നടന്ന വാഹനാപകടത്തിൽ ആൻസിയയും അകപ്പെടുമായിരുന്നു.
ഡോക്ടർ നിർദേശിച്ചതനുസരിച്ച് ശരീരവേദന മാറാനായാണ് നെസീമ ഇന്നലെ ആദ്യമായി പ്രഭാതസവാരിക്കിറങ്ങിയത്. ആ നടത്തം മരണത്തിലേക്കുമായി. വീടിന് സമീപം നടക്കാൻ ആദ്യം ആലോചിച്ചിരുന്നെങ്കിലും സ്ഥലപരിമിതി മൂലം സുഹൃത്തുക്കളോടൊപ്പം റോഡിലൂടെ നടക്കാൻ നെസീമ തീരുമാനിക്കുകയായിരുന്നുവെന്ന് ആൻസിയ പറഞ്ഞു.
ആൻസിയയും മരിച്ച സുബൈദ, പരിക്കേറ്റ സാജിത, ബീവി എന്നിവരും നേരത്തെ നടന്നിരുന്ന റോഡിൽ മാലിന്യം നിറഞ്ഞതോടെ രണ്ടാഴ്ച മുമ്പാണ് പഴങ്ങനാട് ഭാഗത്തേക്കു നടത്തമാരംഭിച്ചത്.
മുന്പ് ഒരിക്കലും ഒരപകടവും പ്രഭാതസവാരിക്കിടെ തങ്ങൾക്ക് ഉണ്ടായിട്ടില്ലെന്ന് ആൻസിയ പറഞ്ഞു. സുഹൃത്തുക്കളുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ആൻസിയ.
നിലവിളി കേട്ട് പാഞ്ഞെത്തി; രക്ഷകനായി സജീവൻ
കിഴക്കമ്പലം: പഴങ്ങനാട്ടെ അപകടത്തിൽ രണ്ടു ജീവനുകളെങ്കിലും രക്ഷിക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് നാട്ടുകാരനും പത്രം ഏജന്റുമായ കൊമ്പനാലിൽ സജീവൻ.
പുലർച്ചെ പത്രവിതരണത്തിനിടെ ചീറിപ്പാഞ്ഞു പോയ കാർ സജീവന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
കാർ ഏറെദൂരം എത്തും മുന്പേ വലിയ ശബ്ദവും കൂട്ടനിലവിളിയും കേട്ടു. പാഞ്ഞെത്തിയ സജീവൻ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീകളെ.
ഒരാളുടെമേൽ മറ്റൊരാൾ എന്ന രീതിയിലാണ് രണ്ടു പേർ കിടന്നിരുന്നത്. രണ്ടു പേർക്ക് അനക്കമില്ലായിരുന്നു.
നോക്കിനിൽക്കാതെ നാലുപേരെയും ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള നെട്ടോട്ടമായിരുന്നു പിന്നീട്.
കൈ കാണിച്ചിട്ടു വാഹനങ്ങളൊന്നും നിർത്തിയില്ല. ഒടുവിൽ സുഹൃത്തിന്റെ കാറിൽ ആദ്യം ഒരാളെ കയറ്റി ആശുപത്രിയിലേക്ക് വിട്ടു.
മറ്റുള്ളവരെ ആംബുലൻസിലും മറ്റൊരു വാഹനത്തിലുമായി ആശുപത്രിയിൽ എത്തിച്ചു. രണ്ടുപേരുടെ മരണവാർത്ത നടുക്കമായെങ്കിലും രണ്ടു പേർക്കു രക്ഷയായതിന്റെ അഭിമാനത്തിലാണ് സജീവൻ.
മണിക്കൂറുകൾക്കകം വളവ് നിവർത്തി
കിഴക്കമ്പലം: പ്രഭാതസവാരിക്കിറങ്ങിയ രണ്ടുപേർ കാറിടിച്ചു മരിച്ച പഴങ്ങനാട്ടെ ഷാപ്പുംപടി വളവ് മണിക്കൂറുകൾക്കകം നിവർത്തി.
നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിന്റെ നേതൃത്വത്തിലാണ് അപകടത്തിനിടയാക്കുന്ന സ്വകാര്യവ്യക്തിയുടെ ചുറ്റുമതിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.
സ്ഥല ഉടമയുടെ സമ്മതപ്രകാരം വളവു നിവർത്തി ചുറ്റുമതിൽ കെട്ടിനൽകുകയായിരുന്നു. ഇവിടെ റോഡിലേക്ക് കയറിനിൽക്കുന്ന വൈദ്യുത പോസ്റ്റ് അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബിക്ക് നിർദേശവും നൽകി.
നേരെത്ത കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി റോഡ് വികസനത്തിന് ഇതേ സ്ഥലം വിട്ടുനൽകാൻ സ്ഥല ഉടമയോട് ആവശ്യപ്പെട്ടെങ്കിലും തയാറായിരുന്നില്ല.
നാട്ടുകാരും എംഎൽഎയ്ക്കൊപ്പം എത്തിയതോടെ ഉടമ വഴങ്ങുകയായിരുന്നു. അപകടങ്ങളിൽ നിരവധിപ്പേരുടെ ജീവൻ പൊലിഞ്ഞ റോഡിന്റെ നിർമാണത്തിലെ അശാസ്ത്രീയതയും നാട്ടുകാർ എംഎൽഎയ്ക്ക് മുന്നിൽ ചൂണ്ടിക്കാട്ടി.